Deshabhimani

വിളംബര ജാഥയും ഉദ്ഘാടനവും

ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തി പ്രധാന വേദി മുക്കം ഓർഫനേജ് സ്കൂളിന്റെ ക്യാമ്പസിൽ ഒരുങ്ങുന്നു

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തി പ്രധാന വേദി മുക്കം ഓർഫനേജ് സ്കൂളിന്റെ ക്യാമ്പസിൽ ഒരുങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 02:30 AM | 2 min read

സ്വന്തം ലേഖകൻ മുക്കം കൗമാരകല വർണ വസന്തം വിരിയിക്കുന്ന ജില്ലാ സ്കൂൾ കലോത്സവം "ഇരുവഞ്ഞിയോരത്ത്’ വെള്ളിയാഴ്ച മുക്കത്ത് ആരംഭിക്കും. 28 മുതൽ ഡിസംബർ മൂന്നുവരെ നടത്തുന്ന കലോത്സവത്തിൽ 17 ഉപജില്ലകളിൽനിന്നായി 13,000ത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. മുക്കം ഓർഫനേജ് സ്കൂൾ, ഓർഫനേജ് എംഎസ്എ ഓഡിറ്റോറിയം, മുക്കം ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഗസ്ത്യൻമുഴി താഴെക്കോട് എയുപി സ്കൂൾ, മണാശേരി ജിയുപി സ്കൂൾ എന്നീ ആറ് ക്യാമ്പസുകളിലെ 21 വേദികളിലാണ് മത്സരങ്ങൾ. രജിസ്ട്രേഷൻ വെള്ളി പകൽ 11ന് ഓർഫനേജ് സ്കൂളിൽ മുക്കം നഗരസഭ ചെയർപേഴ്സൺ കെ പി ചാന്ദ്നി ഉദ്ഘാടനം ചെയ്യും. വിളംബര ജാഥ പകൽ 3.30ന് മുക്കം സേക്രഡ് ഹാർട്ട് ചർച്ചിന് സമീപത്തുനിന്ന് ആരംഭിക്കും. വാദ്യമേള ഘോഷങ്ങളോടെ ഘോഷയാത്ര നഗരംചുറ്റി പ്രധാന വേദിയായ ഓർഫനേജ് സ്കൂളിൽ സമാപിക്കും. തുടർന്ന് മന്ത്രി പി കെ ബഷീർ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ മുഖ്യാതിഥിയും ചലച്ചിത്രതാരം ജോയ് മാത്യു വിശിഷ്ടാതിഥിയുമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തും. മുക്കം നഗരസഭ അധ്യക്ഷ കെ പി ചാന്ദ്നി കലോത്സവ സന്ദേശം നൽകും. കലോത്സവ സുവനീറിന്റെ മുഖചിത്രം പ്രകാശിപ്പിക്കും. ശനി ഓർഫനേജ് സ്കൂളിൽ സ്റ്റേജിതര മത്സരങ്ങൾ നടക്കും.-------------------------------------- വേദികളിൽ പതിനാലാംരാവും നാടൻപ്രേമവും മുക്കത്തേയും ഇരുവഴിഞ്ഞിപ്പുഴയേയും പശ്ചാത്തലമാക്കി എസ് കെ പൊറ്റെക്കാട്ട് രചിച്ച നോവൽ "നാടൻ പ്രേമം’, മുക്കത്തുകാരൻ സലാം കാരശേരിയുടെ സിനിമ "പതിനാലാം രാവ്’, മുക്കം പൊറ്റശേരിയിൽ വച്ച് മരണം വരിച്ച ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാന്റെ കഥ പറയുന്ന വീരപുത്രൻ, മുക്കത്തും പരിസരത്തുമായി ചിത്രീകരിച്ച കിളിച്ചുണ്ടൻ മാമ്പഴം, ‘എന്റെ സ്വന്തം മൊയ്തീൻ’ എന്ന ചിത്രത്തിലെ പാട്ട് "ശാരദാംബരം "ആദ്യകാല സമാന്തര കോളേജുകളായിരുന്ന "പാരമൗണ്ട്’, "അക്കാദമി’, "കലാലയ’, മുക്കത്തെ ആദ്യകാല ക്ലബ് "മൈക്കോ’, ഗ്രന്ഥാലയമായ "പ്രതിഭ’ തുടങ്ങിയ പേരുകളിലാണ് വേദികൾ. ഇത് കൂടാതെ കടത്തുകാരൻ, സുരായണം, അഭിനയം, ഖിത്താബ്, ആലഞ്ചേരി, കണ്ണാടി, ഓർമകൾ, അർഹത, സിൽമാൾ, പൊൻവെയിൽ മുക്കത്തിന്റെ അടയാളമായ "ആൽമരം’എന്നീ പേരുകളുമുണ്ട് വേദികൾക്ക്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home