പരിശോധന കർശനമാക്കി കോർപറേഷൻ
മനുഷ്യർക്ക് കഴിക്കാനാണ്, ഇങ്ങനെ പറ്റില്ല

കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങളുമായി
സ്വന്തം ലേഖകൻ കോഴിക്കോട് കാലാവധി കഴിഞ്ഞ് ഒരുമാസം കഴിഞ്ഞ സാമ്പാർക്കൂട്ട്, ദിവസം മുമ്പുള്ള ബീഫ്, പത നുരയുന്ന ചിക്കൻ, ഉണങ്ങിത്തുടങ്ങിയ തണ്ണിമത്തനും പേരയ്ക്കയും പൂപ്പൽ കയറിയ കരിമ്പ്... നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷണ പദാർഥങ്ങളുടെ പട്ടിക ഇനിയും നീളും. വൃത്തിയാക്കാത്ത എണ്ണച്ചട്ടി അറപ്പുളവാക്കും. വ്യാഴാഴ്ച രാവിലെ മുതൽ കോർപറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. മലബാർ പാലസ്, സീക്വീൻ തുടങ്ങിയ ഹോട്ടലുകളിൽനിന്നും സൗത്ത് ബീച്ചിലെ കൂൾ കെയ്ൻ ജ്യൂസ് എന്നിവിടങ്ങളിൽനിന്നും പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. അടുക്കളയും പരിസരവും വൃത്തിഹീനമായി കണ്ടെത്തിയ സംസം ഹോട്ടൽ, മലിനജലം പൊതു ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയ നഹ്‌ദി മന്തി എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ചിക്കൻ, ബീഫ്, ചോറ്, പഴവർഗങ്ങൾ, പരിപ്പ്, സാമ്പാറിനായി തയ്യാറാക്കിയ മസാല, ഗ്രീൻപീസ്, പഴകിയ എണ്ണ, പൊറോട്ട മാവ്, സാലഡ്, പൂപ്പൽ കയറിയ നാലുപെട്ടി കരിമ്പ്, അച്ചാറുകൾ, പഴകിയ മീൻ, മസാലക്കൂട്ടുകൾ എന്നിവയെല്ലാം പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. പ്രമുഖ ഹോട്ടലുകളിൽ പോലും ചിലത് അടുക്കള വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തി. അടുക്കളയും അനുബന്ധ സൗകര്യങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന കർശന നിർദേശം ഇത്തരം ഹോട്ടലുകൾക്ക് നൽകിയിട്ടുണ്ട്. പഴകിയ സാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്ക് കോർപറേഷൻ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. കണ്ടെത്തിയ ന്യൂനതകൾ പരിഹരിച്ചില്ലെങ്കിൽ ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി ഇല്ലാതാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പിഴയും ഇൗടാക്കും. നഗരത്തിലെ ഭക്ഷണശാലകളിൽ വൃത്തിയുള്ള സാഹചര്യത്തിൽ പാകംചെയ്ത്, പഴകാതെ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നത്. വൃത്തിയുള്ള ഭക്ഷണം വിതരണമെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു. പരിശോധനകൾ കർശനമാക്കണമെന്ന നിർദേശം കമീഷനും നൽകിയിരുന്നു. ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രാജേഷ്, എ സോണിയ, എ വിഷ്ണുപ്രസാദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.








0 comments