ജലവിതരണം അവതാളത്തിൽ
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി

മരുതേരിയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം മുകളിലേക്ക് ചീറ്റുന്നു
പേരാമ്പ്ര ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ്‌ലൈൻ പൊട്ടി കോഴിക്കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങി. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി– കായണ്ണ റോഡിൽ പുതിയോട്ടിൽ ഭാഗത്താണ് വ്യാഴം പകൽ ഒന്നോടെ കോഴിക്കോട് ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കുന്ന 180 സെന്റീമീറ്റർ വ്യാസമുള്ള പൈപ്പ് പൊട്ടിയത്. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് സമാന്തരമായി പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിന് ജെസിബി ഉപയോഗിച്ച് കിടങ്ങ് കുഴിക്കുമ്പോൾ പൈപ്പ് പൊട്ടുകയായിരുന്നു. 25 മീറ്ററോളം ഉയരത്തിൽ വെള്ളമുയർന്ന് പരിസര പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പദ്ധതിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ പ്ലാന്റിലെ പ്രധാന വാൽവ് പൂട്ടിയാണ് ചോർച്ച തടഞ്ഞത്. അപ്പോഴേക്കും ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായി. പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുമ്പോൾ ജലവിഭവവകുപ്പ് അധികൃതരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. കരാറുകാർ തന്നിഷ്ടപ്രകാരം പ്രവൃത്തി നടത്തുകയായിരുന്നു. ജപ്പാൻ പദ്ധതിയിൽനിന്ന് ദിനംപ്രതി 16 കോടി ലിറ്റർ കുടിവെള്ളമാണ് വിതരണംചെയ്യുന്നത്. വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നതിനാൽ കോർപറേഷൻ പരിധിയിലും സമീപത്തെ ഇരുപതോളം പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണ്.








0 comments