Deshabhimani

print edition തൊഴിൽ കോഡുകൾ പിൻവലിച്ചേ പറ്റൂ

CITU March
avatar
എം പ്രശാന്ത്‌

Published on Nov 27, 2026, 02:19 AM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ തൊഴിലാളിവർഗം നീണ്ട കാലത്തെ സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെല്ലാം കവരുന്ന നാല്‌ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യമാണ്‌ സിഐടിയു പാർലമെന്റ്‌ മാർച്ചിൽ മുഖ്യമായും ഉയർത്തുന്നത്‌. 29 തൊഴിൽ നിയമങ്ങൾ പിൻവലിച്ചാണ്‌ നാല്‌ കോഡുകൾക്ക്‌ മോദി സർക്കാർ രൂപം നൽകിയത്‌. പൂർണമായും കോർപ്പറേറ്റ്‌ താൽപ്പര്യങ്ങൾക്ക്‌ വഴങ്ങിയുള്ളതാണിവ.


​വേതന കോഡ്‌


മിനിമം വേതനം എന്തെന്ന്‌ പോലും വേതന കോഡിൽ നിർവചിച്ചിട്ടില്ല. മിനിമം വേതനം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിർദേശിച്ചിട്ടില്ല. പകരം നാഷണൽ ഫ്‌ളോർ ലെവൽ വേജ്‌ എന്ന പേരിൽ കുറഞ്ഞ വേതനം നിശ്‌ചയിക്കാൻ കേന്ദ്രത്തെ അധികാരപ്പെടുത്തുകയാണ്‌. അന്തസ്സോടെയുള്ള ജീവിതവും ജീവിതോപാധിയുമെന്ന ഭരണഘടനാപരമായ ഉറപ്പാണ്‌ ലംഘിക്കപ്പെടുന്നത്‌. ഏറ്റവും പുതിയ കേന്ദ്ര വേതന ചട്ടങ്ങളിൽനിന്ന്‌ മിനിമം വേതനം നിശ്‌ചയിക്കുന്നതിനുള്ള മാനദണ്ഡം സർക്കാർ ഒഴിവാക്കുകയും ചെയ്‌തു.


വ്യവസായബന്ധ കോഡ്‌


14 ദിവസത്തെ പണിമുടക്ക്‌ നോട്ടീസ്‌ എന്നത്‌ പഴയ വ്യവസായ തർക്ക നിയമത്തിൽ പൊതുസേവന മേഖലയിലെ തൊഴിലാളികൾക്ക്‌ മാത്രമായിരുന്നു ബാധകം. എന്നാൽ പുതിയ വ്യവസായബന്ധ കോഡ്‌ നോട്ടീസ്‌ മാനദണ്ഡം എല്ലാ വ്യവസായസ്ഥാപനങ്ങൾക്കും ബാധകമാക്കി. നോട്ടീസ്‌ നൽകുന്ന ഘട്ടം മുതൽ ഒത്തുതീർപ്പ്‌ നടപടികൾക്ക്‌ പുതിയ കോഡ്‌ പ്രകാരം സ്വഭാവികമായും തുടക്കമാകും. ഒത്തുതീർപ്പ്‌ ശ്രമങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ പണിമുടക്കുന്നതിനെ നിയമവിരുദ്ധമാക്കിയിട്ടുണ്ട്‌. പൊതുവിൽ പണിമുടക്ക്‌ പൂർണമായി വിലക്കുന്ന നിലയാണുള്ളത്‌. തൊഴിലിടങ്ങളിൽനിന്ന്‌ ട്രേഡ്‌യൂണിയനുകളെ ഒഴിവാക്കാനുള്ള വ്യവസ്ഥകളും ഉൾചേർത്തിട്ടുണ്ട്‌.


​സാമൂഹ്യസുരക്ഷാ കോഡും തൊഴിലിട സുരക്ഷാ കോഡും


സാമൂഹ്യസുരക്ഷാ പദ്ധതികൾക്കായി സർക്കാർ പണം അനുവദിക്കുന്നതിന്‌ വ്യവസ്ഥയില്ല. ഇപിഎഫ്‌, ഇഎസ്‌ഐ ആനുകൂല്യങ്ങൾക്കും പ്രസാവാനുകൂല്യങ്ങൾക്കുമെല്ലാം നിശ്‌ചിത തൊഴിലാളികൾ ആവശ്യമാണെന്ന നിബന്ധന നിലനിർത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ സാർവത്രിക സാമൂഹ്യസുരക്ഷയെന്ന അവകാശവാദം പൊള്ളയാണ്‌. അസംഘടിത തൊഴിലാളികൾക്ക്‌ ആനുകൂല്യങ്ങളില്ല. കൂടുതൽ വേതനമൊന്നും നൽകാതെ തന്നെ തൊഴിൽ സമയം നീട്ടാൻ അവസരമൊരുക്കുന്നതാണ്‌ തൊഴിലിട സുരക്ഷാ കോഡ്‌. തൊഴിലിട സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളിലും വെള്ളം ചേർക്കുന്നു. നിശ്‌ചിതകാലത്തേക്കുള്ള തൊഴിൽ നിയമപരമാക്കി കൊണ്ട്‌ സ്ഥിരം തൊഴിൽ സങ്കൽപ്പത്തെ തന്നെ അട്ടിമറിക്കുകയാണ്‌. കുടിയേറ്റ തൊഴിലാളികളും പദ്ധതി തൊഴിലാളികളുമൊന്നും തൊഴിൽ കോഡുകളിൽ എവിടെയും ഇടംപിടിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home