print edition 6 മെഡിക്കൽ കോളേജിന് 100 കോടി; ആകെ ദുരൂഹം, ആളെപ്പറ്റിക്കൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം
: രണ്ട് പുതിയ മെഡിക്കൽ കോളേജിനും നാല് മെഡിക്കൽ കോളേജിന്റെ നവീകരണത്തിനും ആകെ നീക്കിവച്ചത് 100 കോടി രൂപ മാത്രം. ഇൗ തുകയിൽ എല്ലാംകൂടി എങ്ങനെ സാധ്യമാക്കുമെന്ന ചോദ്യം ബാക്കി. എൽഡിഎഫ് സർക്കാർ മഞ്ചേരി മെഡിക്കൽ കോളേജിൽ നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിനുമാത്രം 103 കോടി ചെലവിട്ടു. കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിന് 375 കോടിയും. സ്വകാര്യ പങ്കാളിത്തത്തോടെ മുൻ യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ഇദ്ദേശിച്ച ഹരിപ്പാട് മെഡിക്കൽ കോളേജ് ഇൗ സർക്കാർ ബജറ്റിൽ വീണ്ടും പ്രഖ്യാപിച്ചതിലും അസ്വാഭാവികതയുണ്ട്.
എ
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി എന്നിവ ചേർത്താണ് തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് നിർമിക്കുമെന്ന പ്രഖ്യാപനം. ആരോഗ്യവകുപ്പിലെ കെട്ടിടങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് കൈമാറുന്നതിനെതിരെ നേരത്തെ വിമർശം ഉയർന്നതാണ്.
കാസർകോട്, മഞ്ചേരി, ഇടുക്കി, വയനാട് മെഡിക്കൽ കോളേജുകളുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നാണ് ബജറ്റിലുള്ളത്. ഉമ്മൻചാണ്ടി സർക്കാർ തറക്കല്ലിട്ട ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് 95 കോടി ചെലവിട്ടാണ് എൽഡിഎഫ് സർക്കാർ നിർമാണം പൂർത്തിയാക്കിയത്.
യുഡിഎഫ് സർക്കാർ 2012ൽ അനുവദിച്ച ഇടുക്കി മെഡിക്കൽ കോളേജില്‍ എൽഡിഎഫ് സർക്കാർ നിർമാണം പൂർത്തിയാക്കി 680 കോടിയുടെ വികസനം നടപ്പാക്കി. മാനന്തവാടി ജില്ലാ ആശുപത്രി 45 കോടി വിനിയോഗിച്ചാണ് വയനാട് മെഡിക്കൽ കോളേജാക്കിയത്.









0 comments