print edition മനുഷ്യപ്പറ്റില്ലാത്ത ‘കരുതൽ’

തിരുവനന്തപുരം:
വാഗ്‌ദാനങ്ങൾ വിസ്‌മരിച്ച് വാചകക്കസർത്തിൽ ഒതുങ്ങിയ യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റിന് മാധ്യമ വാഴ്‌ത്തുപാട്ട്. എൽഡിഎഫ് സർക്കാരിന്റെ ബജറ്റുകളെയും ജനക്ഷേമ പദ്ധതികളെയും രൂക്ഷമായി വിമർശിച്ചപ്പോൾ അവർ പറഞ്ഞത്, നിർവഹിക്കുന്നത് മാധ്യമ ധർമമെന്നായിരുന്നു.
യുഡിഎഫ് ഭരണത്തിലെത്തിയപ്പോൾ ‘മാധ്യമധർമം’ ബാധകമല്ലെന്ന് വ്യക്തം. കർഷകർക്കും തൊഴിലാളികൾക്കും സ്‌ത്രീകൾക്കും പട്ടികജാതി– പട്ടികവർഗ വിഭാഗങ്ങൾക്കും വിഹിതം വെട്ടിക്കുറച്ച പുതുക്കിയ ബജറ്റിനെ മനുഷ്യപ്പറ്റിൽ ചാലിച്ച കരുതൽ എന്നാണ് മനോരമ വിശേഷിപ്പിച്ചത്. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന് പറഞ്ഞവർ ബജറ്റിൽ 100 രൂപപോലും വർധിപ്പിച്ചില്ല. ആശമാരടക്കം സ്‌കീംവർക്കർമാർക്ക് വേതനവർധനവില്ല.സർക്കാർ ജീവനക്കാർക്ക് ഇരുട്ടടി. ഇതെല്ലാം മറച്ചുവച്ചാണ് മനോരമ വാചാലമാകുന്നത്.
ബജറ്റിൽ പ്രഖ്യാപിച്ച പാചകകലാ ഇൻസ്‌റ്റിറ്റ്യൂട്ട് ജനങ്ങളുടെ തീൻമേശയിൽ വിഭവങ്ങളെത്തിക്കുമെന്ന് മനോരമയും കേരളകൗമുദിയും സ്വപ്‌നംകാണുന്നു. വികസിതമാനം എന്ന് ബജറ്റിനെ വിശേഷിപ്പിക്കുന്ന മാതൃഭൂമി, ക്ഷേമമില്ല എന്ന് സമ്മതിക്കുന്നുണ്ട്. യുഡിഎഫിന് താങ്ങും തണലുമായ ജമാഅത്തെ ഇസ്ലാമി പത്രം ന്യൂനപക്ഷങ്ങൾക്കുള്ള വിഹിതമടക്കം വെട്ടിക്കുറച്ചത് കണ്ടില്ല.
വീര്യം കുറഞ്ഞ മദ്യത്തിന് വിൽപ്പനനികുതി ഏർപ്പെടുത്തിയ തീരുമാനത്തിനുപിന്നിൽ വൻ അഴിമതിയാണെന്ന ആക്ഷേപം ബജറ്റ് അവതരണത്തിനുപിന്നാലെ ഉയർന്നു.
റെയർ എർത്ത് നയം ധാതുഖനനം സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാനുള്ള കുറുക്കുവഴിയാണ്. മിഷൻ സമുദ്രയും ഹെൽത്ത് ആൻഡ് സയൻസ് സിറ്റിയും കുത്തകകൾക്ക് പരവതാനിയും. ഇത്തരം അപകടങ്ങൾ കാണാതെയാണ് മാധ്യമങ്ങളുടെ പുകഴ്‌ത്തൽ.









0 comments