'സീൻ'... സീനാണ്; മൂന്ന് ദിവസംകൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് സൂര്യ ചിത്രം

സീൻ സിനിമയുടെ പോസ്റ്റർ | Photo: Social Media
കൊച്ചി : ബോക്‌സ് ഓഫീസിൽ തുടർവിജയങ്ങളുമായി നടൻ സൂര്യ. ജിത്തു മാധവൻ സംവിധാനം ചെയ്ത ക്രൈം കോമഡി ത്രില്ലർ ചിത്രം 'സീൻ' ആഗോള ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. 2026ൽ സൂര്യ നായകനായെത്തിയ മൂന്നാമത്തെ ചിത്രവും 100 കോടി പിന്നിട്ടതോടെ താരം ഹാട്രിക് നേട്ടം സ്വന്തമാക്കി.
റിലീസ് ചെയ്ത് മൂന്നാം ദിനമായ ഞായറാഴ്ച ചിത്രം ഇന്ത്യയിൽ നേടിയത് 23.25 കോടി രൂപയാണ്. ശനിയാഴ്ച 20.35 കോടി രൂപയായിരുന്നു കളക്ഷൻ. ആദ്യദിനം 19.15 കോടി രൂപയും നേടി. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 62.75 കോടി രൂപയായി. ആഗോളതലത്തിൽ ഇതുവരെ 116.65 കോടി രൂപയാണ് ചിത്രം നേടിയത്. ട്രാക്കറായ സാക്നിൽക്കിന്റെ കണക്കുകളാണിത്.
ഞായറാഴ്ച തമിഴ്‌നാട്ടിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ് മേഖലയിൽ 80.04 ശതമാനമായിരുന്നു ആകെ പ്രേക്ഷക സാന്നിധ്യം. രാവിലെ 53.15 ശതമാനമായിരുന്ന ഒക്യുപൻസി ഉച്ചകഴിഞ്ഞുള്ള പ്രദർശനങ്ങളിൽ 89 ശതമാനമായി ഉയർന്നു. രാത്രിയിലെ പ്രദർശനങ്ങളിൽ ഇത് 89.85 ശതമാനത്തിലെത്തി.
ഈ വർഷം പുറത്തിറങ്ങിയ 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ആദ്യദിന കളക്ഷനിൽ ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാണ് 'സീൻ' എത്തിയത്. എന്നാൽ ആദ്യ ശനി, ഞായർ ദിവസങ്ങളിലെ കളക്ഷനിൽ 'കറുപ്പിന്' പിന്നിലായി. ഞായറാഴ്ചത്തെ മികച്ച നേട്ടത്തോടെ 'വിശ്വനാഥ് ആൻഡ് സൺസി'നെ മറികടക്കാനും ചിത്രത്തിനായി.
ആർ ജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' ആഗോളതലത്തിൽ 310.12 കോടി രൂപ നേടിയപ്പോൾ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് ആൻഡ് സൺസ്' 209.46 കോടി രൂപയാണ് തിയേറ്ററുകളിൽനിന്ന് നേടിയത്.









0 comments