ശ്രീലങ്കൻ ടൂറിസ്റ്റ് ഗൈഡിനെ കടലിലേക്ക് തള്ളിയിട്ട് ഇസ്രയേലി വിനോദസഞ്ചാരി; ചിരിച്ചുല്ലസിച്ച് സംഘം, വ്യാപകവിമര്‍ശനം

കൊളംബോ: ശ്രീലങ്കയിൽ ടൂറിസ്റ്റ് ഗൈഡിനെ ബോട്ടിൽനിന്ന് കടലിലേക്ക് തള്ളിയിട്ട് ഇസ്രയേലി വിനോദസഞ്ചാരി. ഗൈഡ് വെള്ളത്തിൽ വീഴുന്നത് കണ്ട് ബോട്ടിലുണ്ടായിരുന്നവർ ചിരിച്ചുല്ലസിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. തമാശയുടെ പേരിൽ ഒരാളുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ഇസ്രയേലി വിനോദസഞ്ചാരി നടത്തിയതെന്നാണ് വിമർശനം.
ബോട്ടിൽ ഒരു സംഘം വിനോദസഞ്ചാരികൾക്കൊപ്പം ഇരിക്കുകയായിരുന്നു ശ്രീലങ്കൻ ടൂറിസ്റ്റ് ഗൈഡ്. വെള്ളം കുടിച്ചുകൊണ്ടിരിക്കെ സമീപത്തിരുന്ന വിനോദസഞ്ചാരികളിലൊരാൾ അപ്രതീക്ഷിതമായി ഗൈഡിനെ കടലിലേക്ക് തള്ളിയിടുകയായിരുന്നു. ഗൈഡ് വെള്ളത്തിലേക്ക് വീഴുന്നതും ബോട്ടിലുള്ളവർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഗൈഡ് വെള്ളത്തിൽ കഴിയുമ്പോഴും ചിരി തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇസ്രയേലി വിനോദസഞ്ചാരിയുടെ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ പരാമർശിച്ചും നിരവധി പേർ പ്രതികരിച്ചു. പലസ്തീൻ ജനതയോടുള്ള ഇസ്രയേലിന്റെ സമീപനമാണ് തദ്ദേശീയനായ ടൂറിസ്റ്റ് ഗൈഡിനോടും പ്രകടമായതെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഗാസയിലെ അതിക്രമങ്ങൾക്കും സമാനമായ മാധ്യമശ്രദ്ധ നൽകണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്.
ബോട്ടിൽനിന്ന് അപ്രതീക്ഷിതമായി കടലിലേക്ക് വീഴുന്ന ഒരാൾക്ക് പരിക്കേൽക്കാനോ പരിഭ്രാന്തിയുണ്ടാകാനോ സാധ്യതയുണ്ടെന്നും ഇതിനെ തമാശയായി കാണാനാകില്ലെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. ജോലി ചെയ്യുകയായിരുന്ന തദ്ദേശീയനായ ഗൈഡിനോട് കാണിച്ചത് അനാദരവാണെന്നും വിമർശനമുയർന്നു.
വിവാദമായതോടെ സംഭവത്തെ തമാശയെന്ന് ന്യായീകരിച്ച് ഇസ്രയേലികൾ രംഗത്തെത്തി. ഗൈഡിനെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നുമാണ് ഇവരുടെ വാദം. ഒരു മാസത്തിനകം തങ്ങൾ ഇസ്രയേലി സൈന്യത്തിൽ ചേരാനിരിക്കുകയാണെന്നും നല്ല കുട്ടികളായ തങ്ങൾ ഇത്രയും വിദ്വേഷം അർഹിക്കുന്നില്ലെന്നും സംഘം പ്രതികരിച്ചു. എന്നാൽ ഈ വിശദീകരണവും പ്രതിഷേധം ശക്തമാക്കി. സൈന്യത്തിൽ ചേരാനിരിക്കുന്നുവെന്നത് ഇത്തരം പെരുമാറ്റത്തെ ന്യായീകരിക്കുന്നതെങ്ങനെയെന്നാണ് വിമർശകർ ചോദിക്കുന്നത്.
സംഭവത്തിൽ ഉൾപ്പെട്ട വിനോദസഞ്ചാരികളെ തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.







0 comments