വിദ്യാർഥികളെ കിട്ടാനില്ല, അഖിലേന്ത്യാ ക്വാട്ടയിൽ 400 എംബിബിഎസ് സീറ്റുകൾ കാലി

ന്യൂഡൽഹി: പ്രത്യേക സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിങ്ങിന് ശേഷവും പഠിക്കാൻ വിദ്യാർഥികൾ എത്താതെ രാജ്യത്ത് 411 എംബിബിഎസ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പുറത്തു വിട്ട കണക്കുകൾ പ്രകാരമാണിത്.
കേന്ദ്ര ക്വാട്ടയിൽ ആകെ 948 എംബിബിഎസ് സീറ്റുകളാണ് ഒഴിഞ്ഞു കിടന്നിരുന്നത്. ഇതിൽ 537 സീറ്റുകളിൽ അവസാന ഘട്ടം വിദ്യാർത്ഥികൾ എത്തി. അലോട്ട് ചെയ്തു. ബാക്കി 411 സീറ്റുകളിൽ പ്രവേശനം നേടാൻ ആളില്ലാതെ തുടരുകയാണ്. കഴിഞ്ഞ വർഷം 60-70 സീറ്റുകൾ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്.
മെഡിക്കൽ കൗൺസലിങ് റൗണ്ടുകൾ പൂർത്തിയായ ശേഷവും സീറ്റുകൾ ഒഴിവുവരുന്ന സാഹചര്യത്തിലാണ് എംസിസി സ്‌പെഷ്യൽ സ്‌ട്രേ വാക്കൻസി റൗണ്ട് സംഘടിപ്പിക്കുന്നത്. സുപ്രീം കോടതി നിർദേശപ്രകാരം ഇതിൽ നാല് റൗണ്ട് കൗൺസിലിംഗാണ് നടക്കേണ്ടിയിരുന്നത്. ഇത്തവണ ഒഴിവുള്ള സീറ്റുകൾ നികത്താൻ അഞ്ചാം റൗണ്ടായി എംസിസി ഈ പ്രത്യേക കൗൺസിലിംഗ് നടത്തി. പക്ഷേ പ്രവേശനം നേടാൻ വിദ്യാര്‍ഥികൾ എത്തിയില്ല.
അഖിലേന്ത്യാ ക്വാട്ടയിൽ പ്രവേശനം നേടുമ്പോൾ അതത് സംസ്ഥാനത്തെ നിബന്ധനകളും ഉയര്‍ന്ന ഫീസും വെല്ലുവിളിയാണ്. ഇതോടൊപ്പം ഭാഷാ പ്രശ്നം, സൗകര്യങ്ങളുടെ അഭാവം സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും പരിഗണനകൾ മാറുന്നു. ഇതേസമയം വിദേശ രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് തുടരുകയും ചെയ്യുന്നു.







0 comments