കോപ് 31 ഔദ്യോഗിക ചർച്ചയിൽ നിന്ന് ഹിമാലയൻ കാലാവസ്ഥാ പ്രതിസന്ധി പുറത്ത്

ഭൂട്ടാനിലെ ഊർജ്ജ, പ്രകൃതിവിഭവ മന്ത്രാലയ സെക്രട്ടറി ദാഷോ കർമ്മ ഷെറിംഗ്, കിർഗിസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ദിനാര കെമെലോവ, നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ, കൊറിയയിലെ ഏഷ്യൻ ഫോറസ്റ്റ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ചോങ്ഹോ പാർക്ക് എന്നിവർ തുർക്കിയിലെ അന്റാലിയയിൽ പത്രസമ്മേളനത്തിൽ. | Photo Courtesy - PTI
അന്റാലിയ : കോപ് 31ന്റെ ഔദ്യോഗിക ചർച്ചാവിഷയങ്ങളിൽ ഹിമാലയൻ കാലാവസ്ഥാ പ്രതിസന്ധി ഉൾപ്പെടില്ല. ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ ഔദ്യോഗിക അജൻഡയിൽ ഉൾപ്പെടുത്താനുള്ള നേപ്പാളിന്റെ ശ്രമങ്ങളാണ് ഇതോടെ ഇല്ലാതായത്. പ്രധാന രാജ്യങ്ങളുടെ ചർച്ചാ കൂട്ടായ്മകൾ വിഷയത്തെ പിന്തുണയ്ക്കാത്തതാണ് നിർദേശം അംഗീകരിക്കപ്പെടാതിരിക്കാൻ കാരണമെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ഷിശിർ ഖനാൽ വ്യക്തമാക്കി.
നേപ്പാൾ, ഭൂട്ടാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പർവതപ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനം പ്രത്യേക വിഷയമായി ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ചില രാജ്യങ്ങൾ പിന്തുണച്ചപ്പോൾ മറ്റു രാജ്യങ്ങൾ പുതിയ അജൻഡാ വിഷയം ഏറ്റെടുക്കുന്നതിൽ വിമുഖത കാട്ടിയെന്ന് ഖനാൽ പറഞ്ഞു.
നേപ്പാളും ഭൂട്ടാനും ചേർന്ന് '1.5°C Warming in Mountains' എന്ന പേരിലാണ് പ്രത്യേക നിർദേശം സമർപ്പിച്ചത്. ഹിമാലയൻ മേഖലയിലെ താപനില വർധന, മഞ്ഞുരുകൽ, ഹിമാനികളുടെ പിൻവാങ്ങൽ, കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവയുടെ പ്രത്യാഘാതങ്ങൾ പഠിക്കാനും അവ നേരിടാൻ പ്രത്യേക അന്താരാഷ്ട്ര സംവിധാനമൊരുക്കാനുമായിരുന്നു നിർദേശം. എന്നാൽ വികസിത രാജ്യങ്ങളൊന്നും ഈ വിഷയം ഏറ്റെടുത്ത് ചർച്ച ചെയ്യാൻ തയ്യാറായില്ല.
പർവതങ്ങളും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് യുഎൻ കാലാവസ്ഥാ ചട്ടക്കൂടിന് കീഴിൽ വാർഷിക ചർച്ചകൾക്ക് സംവിധാനമൊരുക്കണമെന്ന് കിർഗിസ്ഥാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ട് നിർദേശങ്ങൾക്കും ഔദ്യോഗിക അജൻഡയിൽ പ്രത്യേക ഇടം ലഭിച്ചില്ല. വികസിത രാജ്യങ്ങൾ പുതിയ വിഷയമായി ഇത് ഏറ്റെടുക്കാൻ താൽപര്യം കാണിച്ചില്ലെന്നാണ് റിപ്പോർട്ട്.
ആഗോള ഭൂപ്രദേശത്തിന്റെ ഏകദേശം 27 ശതമാനവും ലോകജനസംഖ്യയുടെ 15 ശതമാനവും ഹിമാലയൻ പർവതപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണുള്ളത്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഏഷ്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കും ജലവൈദ്യുതിക്കും സഹായകമാണ്. താപനില ഉയരുന്നതോടെ ഹിമാനികൾ ഉരുകുന്നതും മഞ്ഞുവീഴ്ച രൂക്ഷമാകുന്നതും ഹിമാനീതടാകങ്ങൾ പൊട്ടിയൊഴുകുന്നതുമെല്ലാം നിലവിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
നേപ്പാളിൽ ഓഗസ്റ്റ് 26ന് ഹിമാനി ഉരുകി വീണുണ്ടായ മിന്നൽ പ്രളയവും ഉരുൾപൊട്ടലും പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി പറഞ്ഞു. ദുരന്തത്തിൽ 1,400ലധികം പേർ മരിക്കുകയും 5,000ലധികം പേരെ കാണാതാകുകയും ചെയ്തതായി കോപ്31 ഉദ്ഘാടന പ്ലീനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗം പുനർനിർമാണത്തിനായി മാറ്റിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകെ ഹരിതഗൃഹ വാതക പുറന്തള്ളലിൽ വളരെ ചെറിയ പങ്ക് മാത്രം വഹിക്കുന്ന നേപ്പാൾ പോലുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ആഘാതം നേരിടുന്നതെന്ന് ഖനാൽ ചൂണ്ടിക്കാട്ടി. ഹിമാലയൻ മേഖലയുടെ സംരക്ഷണം കാലാവസ്ഥാ നീതിയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പർവതപ്രദേശങ്ങളിൽ 1.5 ഡിഗ്രി സെൽഷ്യസ് താപനില വർധനയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുക, പർവതങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് പ്രത്യേക പ്രവർത്തനപദ്ധതി രൂപീകരിക്കുക, കാലാവസ്ഥാ ധനസഹായം ഉറപ്പാക്കുക, പർവതപ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകുക എന്നിവയാണ് നേപ്പാളിന്റെ ന്യായമായ ആവശ്യങ്ങൾ.
പ്രത്യേക അജൻഡാ വിഷയം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ഹിമാലയൻ പ്രതിസന്ധി പൂർണമായും ചർച്ചയിൽനിന്ന് പുറത്തായിട്ടില്ല. കോപ് 31 ഈ വിഷയത്തിൽ കൂടിയാലോചനകൾ തുടരുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. 2027, 2028 വർഷങ്ങളിൽ ജർമനിയിലെ ബോണിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ചർച്ചകൾ പർവതപ്രദേശങ്ങളിലെ കാലാവസ്ഥാ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവേഷണ ചർച്ചകളും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ അന്തിമ തീരുമാനത്തിലും ഹിമാലയൻ പർവതപ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്താൻ നേപ്പാൾ ശ്രമം തുടരുകയാണ്.







0 comments