വൈദ്യുതിക്കോഴ നീക്കം പുറത്തായത് നാണക്കേടായി; മുഖ്യമന്ത്രിയുടെ കൈകടത്തലിൽ ഭിന്നത രൂക്ഷം

വി ഡി സതീശൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ്
തിരുവനന്തപുരം: വൈദ്യുതി കരാറിലൂടെ അഴിമതിയ്‌ക്കുള്ള നീക്കം പൊളിഞ്ഞതടക്കമുള്ള വിവാദങ്ങൾ യുഡിഎഫ് മന്ത്രിസഭയിൽ ഭിന്നത രൂക്ഷമാക്കി. മുഖ്യമന്ത്രിക്കെതിരെ മന്ത്രിസഭായോഗത്തിൽ ചില മന്ത്രിമാർ പ്രതികരിച്ചതായും വിവരമുണ്ട്. മുഖ്യമന്ത്രിയുടെ വഴിവിട്ട പോക്കിൽ യുഡിഎഫ് കൺവീനർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതും മുന്നണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കൂട്ടുത്തരവാദിത്തത്തിന്റെ കണികപോലുമില്ലാത്ത സർക്കാരിന്റെ പോക്കിൽ യുഡിഎഫ് അണികൾ അതൃപ്‌തരാണ്. എക്‌സൈസ്, വൈദ്യുതി വകുപ്പുകളിൽ മുഖ്യമന്ത്രി നടത്തിയ അനധികൃത ഇടപെടൽ അഴിമതിക്കാണെന്നു തെളിഞ്ഞത് മന്ത്രിസഭയ്‌ക്ക് ചീത്തപ്പേരായതായും വലിയ പരാതിയുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫും നടത്തുന്ന വാക്പോര് മന്ത്രിസഭയിൽ തമ്മിലടി മുറുകുന്നതിന്റെ സൂചനയാണ്. മറ്റു വകുപ്പുകളിൽ കൈകടത്തുന്ന മുഖ്യമന്ത്രിയുടെ രീതിക്കെതിരെ മന്ത്രിമാർക്കെല്ലാം അതൃപ്‌തിയുണ്ടെങ്കിലും ആരും ശക്തമായി പ്രതിഷേധിക്കാൻ തയ്യാറായിരുന്നില്ല. അവഗണന രൂക്ഷമായതോടെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. എക്‌സൈസ് വകുപ്പിൽ മന്ത്രി ലിജു അറിയാതെ മുഖ്യമന്ത്രി കാര്യങ്ങൾ തീരുമാനിക്കുന്നത് വലിയ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് വൈദ്യുതിയിൽ തൊട്ടപ്പോഴുണ്ടായ ഷോക്ക്.
വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും കരാറിൽ നിന്നു പിന്മാറാനുള്ള ന്യായീകരണം മാത്രമായിരുന്നു പ്രതിസന്ധിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദമെന്നും സണ്ണി ജോസഫ് പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ തിരുത്തൽ. അപ്പോൾ തന്നെ സതീശന്റെ മറുപടി വന്നു. മന്ത്രിയെ ഇരുട്ടിൽ നിർത്തിയാണ് വൈദ്യുതി വാങ്ങൽ ഇടപാടുകൾക്ക് ഫയൽ നീക്കിയതെന്ന വാദം മുഖ്യമന്ത്രി തള്ളി. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ട് ഉൾപ്പെടെ എല്ലാ ഫയലും തനിക്ക് കൈമാറിയത് സണ്ണി ജോസഫ് തന്നെയാണെന്നും മന്ത്രി അറിയാതെ വകുപ്പിൽ ഒരു ഫയലും നീങ്ങില്ലെന്നും എല്ലാ തീരുമാനങ്ങളും അദ്ദേഹത്തോട് ആലോചിച്ചാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ജിഎൻഎയുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലാത്തതിനാലാണ് വേണ്ടെന്നുവെച്ച കാര്യം മന്ത്രിയെ അറിയാതിരുന്നതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. അപ്പോൾ മന്ത്രിയെ കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരോക്ഷമായി സമ്മതിക്കുകയായിരുന്നു മുഖ്യമന്ത്രി.
നേരത്തേ, ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങിയാൽ രണ്ടായിരം കോടിയിലധികം നഷ്‌ടം വരുമെന്ന് പറഞ്ഞ് സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎ എനർജിയിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിന്റെ മെച്ചങ്ങൾ വിവരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ
ജിഎൻഎയെ അറിയുകയേയില്ലെന്ന മട്ടിൽ സംസാരിക്കുന്നത്. ജിഎൻഎയ്‌ക്ക് വൈദ്യുതി വിൽക്കാനുള്ള ലൈസൻസ് പോലുമില്ലെന്ന വിവരങ്ങൾ പുറത്തുവരികയും കരാറിനു പിന്നിലെ തട്ടിപ്പുകൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശക്തമായി രംഗത്തു വരികയും ചെയ്‌തതതോടെയാണ് വി ഡി സതീശൻ കരാറിനുള്ള നീക്കം അവസാനിപ്പിച്ച് മുടന്തൻ ന്യായങ്ങളുമായി രംഗത്തുവരുന്നത്.
ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് മെച്ചമെന്ന് കെഎസ്‌ഇബി ചെയർമാൻ രാജമാണിക്യവും സണ്ണിജോസഫും പറഞ്ഞിരുന്നു. അതെല്ലാം തള്ളിയാണ് സതീശൻ ജിഎൻഎയ്‌ക്കായി വാശിപിടിച്ചത്. കരാർ വേണ്ടെന്നു വെച്ച വിവരം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്ന് സണ്ണി ജോസഫ് പറഞ്ഞത് നേരത്തേ തന്നെ ഭിന്നത വ്യക്തമാക്കിയിരുന്നു. വൈദ്യുതി വാങ്ങുന്ന വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ സ്ഥാനം വകുപ്പ് മന്ത്രിക്കു മുകളിലാണെന്നും സണ്ണി പറഞ്ഞു. മുഖ്യമന്ത്രിയും പുതിയ കെഎസ്‌ഇബി ചെയർമാനും ചർച നടത്തിയ കാര്യം അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനെല്ലാമുള്ള മറുപടിയായാണ് എല്ലാം വൈദ്യുതി മന്ത്രി അറിഞ്ഞിരുന്നുവെന്ന സതീശന്റെ വാക്കുകൾ. അഴിമതിനീക്കം പിടിക്കപ്പെട്ടതിനാൽ കുറ്റം സണ്ണിയുടെ മേൽ ചാരാനുള്ള ശ്രമം കൂടിയാണിത്.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന് സൂചിപ്പിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി മാധ്യമങ്ങൾക്കു മുന്നിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. മന്ത്രിസഭയിലെ യോജിപ്പ് പുറത്തേക്ക് ചോർന്നൊലിക്കുന്നുണ്ടെന്നും, അതൃപ്തിയുണ്ടോ എന്ന് മന്ത്രിമാരോട് ചോദിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. അടൂർ പ്രകാശിന്റെ ഇൗ വാക്കുകൾ അവഗണിക്കുന്ന നിലപാടാണ് വി ഡി സതീശനിൽ നിന്നുണ്ടായത്. അടൂർ പ്രകാശിന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും യുഡിഎഫ് യോഗം ചേരുമ്പോൾ അറിയിക്കാമെന്നുമാണ് സതീശൻ മാധ്യമങ്ങളോട് അഹങ്കാരത്തോടെ പ്രതികരിച്ചത്.







0 comments