Deshabhimani

ഫേസ്ബുക്കിലൂടെ ബോയിങ് വിമാനം വാങ്ങി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; ഭൂഗർഭ പാർട്ടി കേന്ദ്രം തുടങ്ങാൻ യുവാവ്

beoing flight on underground
വെബ് ഡെസ്ക്

Published on Nov 11, 2026, 04:09 PM | 1 min read

ലണ്ടൻ : വീടിന്റെ മുറ്റത്തൊരു വിമാനം കുഴിച്ചിട്ടാലോ... കേൾക്കുമ്പോൾ നടക്കില്ലെന്ന് തോന്നുമെങ്കിലും ബ്രിട്ടീഷുകാരനായ ഡേവ് ബില്ലിങ്‌സിന് ഇതൊക്കെ നിസാരമാണ്. ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിലൂടെ വാങ്ങിയ ബോയിങ് 737 വിമാനത്തിന്റെ പ്രധാനഭാ​ഗം വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ഭൂഗർഭ പാർടി കേന്ദ്രവും യുദ്ധകാല സുരക്ഷാ ബങ്കറും നിർമിക്കാൻ ഒരുങ്ങുകയാണ് എൻജിനിയറായ ഡേവ്. ഇംഗ്ലണ്ടിലെ ഡെർബിഷയറിലെ ഹിൽട്ടണിലുള്ള വസതിയിലാണ് വിമാനം കുഴിച്ചിടുന്നത്.


4,000 പൗണ്ട് (ഏകദേശം അഞ്ചുലക്ഷം രൂപ) ചെലവഴിച്ചാണ് ഉപയോഗശൂന്യമായ ബോയിങ് 737-500 വിമാനത്തിന്റെ പ്രധാനഭാഗം ഫേസ്ബുക്ക് വഴി സ്വന്തമാക്കിയത്. മൂന്ന് ടൺ ഭാരമുള്ള വിമാനഭാഗം വീടിന്റെ മുറ്റത്ത് 14 അടി താഴ്ചയിൽ കുഴിയെടുത്താണ് സ്ഥാപിച്ചത്. വർഷങ്ങളായി ഡേവ് വീടിനടിയിൽ ഭൂഗർഭ ബങ്കർ നിർമിക്കുന്നുണ്ട്. ഇതുമായി വിമാനത്തെ ബന്ധിപ്പിക്കാനാണ് പദ്ധതി. രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള 'ദ ഗ്രേറ്റ് എസ്‌കേപ്പ്' എന്ന സിനിമയിൽനിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നാണ് ഡേവ് പറയുന്നത്. തുരങ്കങ്ങൾ, രഹസ്യമുറികൾ, ഒളിപ്പിച്ച പ്രവേശനകവാടങ്ങൾ എന്നിവയും ഇതോടൊപ്പം നിർമിക്കുന്നുണ്ട്. ഇതുവരെ 50,000 പൗണ്ടിലധികം (62 ലക്ഷം) ചെലവഴിച്ചു.


വിമാനങ്ങളോട് ഏറെ താൽപ്പര്യമുള്ള എട്ടുവയസ്സുകാരനായ മകൻ ഒലിവറാണ് വിമാനഭാഗം വാങ്ങാൻ പ്രേരിപ്പിച്ചതെന്ന് ബില്ലിങ്‌സ് പറയുന്നു. 2025 ഡിസംബറിൽ സുഹൃത്തുക്കൾക്കൊപ്പമാണ് വിമാനം വാങ്ങിയത്. തുടർന്ന് ക്രെയിൻ ഉപയോ​ഗിച്ച് വിമാനഭാഗം ഭൂമിക്കടിയിൽ സ്ഥാപിക്കുകയായിരുന്നു. ഭൂഗർഭ വിമാനത്തിലേക്ക് പ്രവേശിക്കാൻ പഴയ ബ്രിട്ടീഷ് മാതൃകയിൽ ലിഫ്റ്റ് പണിയും. വൈദ്യുതി, വെള്ളം, സൗരോർജ സംവിധാനം, പ്രത്യേക വായുസഞ്ചാര സംവിധാനം എന്നിവ ഒരുക്കും. വിമാനത്തിലെ ശുചിമുറി വീടിന്റെ സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ച് ഉപയോഗയോഗ്യമാക്കാനും പദ്ധതിയുണ്ട്. വിമാനഭാഗം പൂർണമായി ഭൂമിക്കടിയിൽ സുരക്ഷിതമാക്കാൻ കോൺക്രീറ്റ് ചെയ്യും.


കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പാർടികൾ സംഘടിപ്പിക്കാനുമുള്ള ഇടമായാണ് പ്രധാനമായും ഇത് ഒരുക്കുന്നത്. എന്നാൽ യുദ്ധം പോലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിത അഭയകേന്ദ്രമായും ഉപയോഗിക്കാമെന്നാണ് ബില്ലിങ്‌സിന്റെ അവകാശവാദം. ആവശ്യത്തിന് ഭക്ഷണവും മറ്റ് സാധനങ്ങളും സംഭരിച്ചാൽ മൂന്നുമുതൽ ആറുമാസംവരെ പുറംലോകവുമായി ബന്ധമില്ലാതെ കഴിയാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. നിർമാണത്തിന്റെ ദൃശ്യങ്ങൾ 'ടൊർണാഡോ ഡേവ്' എന്ന യൂട്യൂബ് ചാനലിലൂടെ ബില്ലിങ്‌സ് പങ്കുവയ്ക്കുന്നുണ്ട്. 2027 ഫെബ്രുവരിയോടെ ഇത് പൂർത്തിയാകുമെന്നും ഡേവ് പറയുന്നു



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home