പേടിയില്ലേ പിള്ളേരേ; 20 അടി നീളമുള്ള പെരുമ്പാമ്പിനെ സ്ലൈഡാക്കി കുട്ടികൾ

ജക്കാർത്ത: 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ സ്ലൈഡാക്കി, അതിലൂടെ താഴേക്ക് ഊർന്നിറങ്ങുന്ന കുട്ടികളുടെ വീഡിയോ വൈറൽ. പക്ഷേ ഇവിടെ സ്ലൈഡിന് പകരം മ്പാണ്. ഇന്തോനേഷ്യയിൽ ജീവനുള്ള പെരുമ്പാമ്പിന്റെ ശരീരത്തിലൂടെ ഊർന്നിറങ്ങി കളിക്കുന്ന കുട്ടികളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. അപകടകാരിയായ പാമ്പിനെ കണ്ട് പേടിച്ചോടുന്നതിനുപകരം അതിനൊപ്പം ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ കാഴ്ചക്കാരെയും അമ്പരപ്പിച്ചു.
മൺചരിവിലൂടെ നീണ്ടുകിടക്കുന്ന കൂറ്റൻ പെരുമ്പാമ്പിന്റെ ശരീരത്തിലേക്ക് കുട്ടികൾ ഓരോരുത്തരായി കയറുന്നതും അതിലൂടെ താഴേക്ക് ഊർന്നിറങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. പാമ്പ് ജീവനുള്ളതാണെന്നതോ അത് ചലിക്കുന്നുണ്ടെന്നതോ കുട്ടികളെ ഭയപ്പെടുത്തുന്നില്ല. കളിയിൽ മുഴുകിയ കുട്ടികൾ ആവേശത്തോടെ വീണ്ടും വീണ്ടും പാമ്പിന്റെ ശരീരത്തിലൂടെ ഊർന്നിറങ്ങുന്നതും കാണാം.
കുട്ടികളുടെ സമീപത്ത് മുതിർന്നവരുമുണ്ട്. എന്നാൽ അപകടസാധ്യത കണ്ട് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുപകരം ചിലർ കൗതുകത്തോടെ നോക്കിനിൽക്കുകയാണ്. ഏകദേശം ആറുമീറ്റർ നീളമുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ (Reticulated Python) ഇനത്തിൽപ്പെട്ട പെരുമ്പാമ്പാണ് വീഡിയോയിലുള്ളതെന്നാണ് വിവരം.
ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പിനങ്ങളിൽ ഒന്നാണ് റെറ്റിക്കുലേറ്റഡ് പൈത്തൺ. വിഷമില്ലെങ്കിലും ഇരയെ ശരീരംകൊണ്ട് വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്താൻ ഇവയ്ക്ക് കഴിയും. അതിനാൽ ഇത്രയും വലിയ പാമ്പിനൊപ്പം കുട്ടികളെ കളിക്കാൻ അനുവദിക്കുന്നത് ഗുരുതരമായ അപകടത്തിന് ഇടയാക്കുമെന്ന് വന്യജീവി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികൾ മൊബൈൽ ഫോണിൽ സമയം ചെലവഴിക്കാതെ പുറത്തിറങ്ങി കളിക്കുകയാണല്ലോയെന്നായിരുന്നു ഒരാളുടെ തമാശകലർന്ന പ്രതികരണം. ഇന്തോനേഷ്യയിൽ ഇത്തരം പെരുമ്പാമ്പുകൾ സാധാരണമാണെന്നും മനുഷ്യരുമായി നിരന്തരം ഇടപഴകുന്നവ ചിലപ്പോൾ ശാന്തമായി പെരുമാറാറുണ്ടെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. വീഡിയോയിലുള്ള പാമ്പ് വളർത്തുന്നതാകാമെന്നും ചിലർ പറയുന്നു.
എന്നാൽ പാമ്പ് ശാന്തമായി കിടക്കുന്നതുകൊണ്ട് അപകടമില്ലെന്ന് കരുതരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഭീഷണിയുണ്ടെന്ന് തോന്നിയാൽ പാമ്പ് അപ്രതീക്ഷിതമായി ആക്രമിക്കാൻ സാധ്യതയുണ്ട്. കുട്ടികളുടെ സുരക്ഷ മാത്രമല്ല, പാമ്പിന്റെ സുരക്ഷയും പരിഗണിക്കണമെന്നും വിമർശനമുയർന്നു.







0 comments