സൂര്യ - മമിത ബൈജു ചിത്രം ജൂലൈയിലെത്തും; ടീസർ പുറത്ത്
ചെന്നൈ: സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ടീസർ പുറത്ത്. ‘വാത്തി’, ‘ലക്കി ബാസ്കർ’ തുടങ്ങിയ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 40കളിലുള്ള സൂര്യയെയാണ് ടീസറിൽ കാണാനാകുന്നത്. പിസ്റ്റൽ കോമ്പറ്റീഷനുകളിൽ പങ്കെടുക്കുന്ന, ചില പിടിവാശികളുള്ള പ്രത്യേക പെരുമാറ്റക്കാരനാണ് ചിത്രത്തിലെ സൂര്യയുടെ കഥാപാത്രമെന്നാണ് സൂചന. 20കളിൽ യുവത്വം ആഘോഷിക്കുന്ന മമിത ബൈജുവിന്റെ കഥാപാത്രവും ടീസറിലുണ്ട്. ചിത്രം ജൂലൈയിൽ തിയറ്ററിലെത്തും.
സൂര്യയുടെ 46-ാം ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. 'അപൂർവ്വമായൊരു പ്രണയവും അതിശയിപ്പിക്കുന്നൊരു കുടുംബവും' എന്ന ടാഗ്‌ലൈനോടെ, കുഞ്ഞിനെ മാറോട് ചേർത്ത് നിൽക്കുന്ന സൂര്യയുടെ സ്റ്റൈലിഷ് ലുക്കുള്ള പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. താരത്തിന്റെ വിന്റേജ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 45-കാരനും 20-കാരിയും തമ്മിലുള്ള വൈകാരികമായ ബന്ധവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.
സിത്താര എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമ്മിക്കുന്നത്. മമിത ബൈജു നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടൻ നീണ്ട 24 വർഷങ്ങൾക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 2001-ൽ കമൽഹാസൻ ചിത്രം ‘ആളവന്താനി’ലാണ് രവീണ അവസാനമായി തമിഴിൽ അഭിനയിച്ചത്. രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം.
2025-ൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം ‘റെട്രോ’യ്ക്ക് ശേഷം പുറത്തിറങ്ങുന്ന സൂര്യ ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. ഇതുകൂടാതെ ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’, ജിത്തു മാധവൻ ചിത്രം ‘സൂര്യ 47’ എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൃഷ നായികയാകുന്ന കറുപ്പിന്റെയും നസ്രിയ നസീം, നസ്‌ലെൻ എന്നിവർ അണിനിരക്കുന്ന സൂര്യ 47-ന്റെയും റിലീസ് തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.











0 comments