print edition നാടകം നടിയാക്കി

ശ്രീപാർവതി
അനഘ പ്രകാശ്
Published on May 17, 2026, 12:00 AM | 2 min read
തിരശ്ശീല ഉയരുമ്പോൾ കഥാപാത്രമായി മാറിയ ശ്രീപാർവതിക്ക് ആക്‌ഷനും കട്ടിനുമിടയിൽ ജീവിക്കാനും പ്രയാസമുണ്ടായില്ല. എന്നാൽ, കലോത്സവവേദിക്ക് പകരമായുള്ള താരനിബിഡമായ വെള്ളിത്തിര പതിനാറുകാരിക്ക് ഇന്നും ഉൾക്കൊള്ളാൻ പ്രയാസമുള്ള യാഥാർഥ്യമാണ്. ഏറെ ആരാധിച്ച താരങ്ങളോടൊപ്പം സ്ക്രീൻ പങ്കിട്ടത്, വിശേഷങ്ങൾ പറഞ്ഞത്, അഭിനയം പഠിച്ചത് ഇങ്ങനെ പലതും. പാട്രിയറ്റ് സിനിമയിലൂടെ മോളിവുഡിലെത്തിയ ശ്രീപാർവതി സംസാരിക്കുന്നു.
നാടകവേദിയിലൂടെ
നാടകമാണ് സിനിമാലോകത്തേക്ക് കൈപിടിച്ചത്. തീർത്തും അപ്രതീക്ഷിതമായാണ് പാട്രിയറ്റ് വന്നുചേർന്നത്. സ്വപ്നത്തിൽപ്പോലും സിനിമ ഇല്ലാതിരുന്ന പെൺകുട്ടിക്ക് ലഭിച്ച ലോട്ടറിയാണെന്ന് പറയാം. തിരുവങ്ങൂർ എച്ച്എസ്എസിൽ പഠിക്കുമ്പോഴാണ് സംസ്ഥാനതലത്തിൽ തിളങ്ങിയ ഓസ്കാർ പുരുഷു, c/o പൊട്ടക്കുളം എന്നീ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യാനായത്. പൊട്ടക്കുളത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. സംവിധായകൻ മഹേഷ് നാരായണൻ ഓസ്കാർ പുരുഷു യൂട്യൂബിൽ കാണാനിടയായതാണ് വഴിത്തിരിവായത്. മൂന്ന് ഓഡിഷനുകൾക്കുശേഷം സെലക്ട് ആയപ്പോഴും ഇത്രയും പ്രാധാന്യമുള്ള വേഷമാണെന്നോ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം സ്ക്രീനിൽ ഉണ്ടാവുമെന്നോ കരുതിയില്ല.
സ്വപ്നതുല്യം
ആതിരയെന്ന കഥാപാത്രം ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന നല്ല പാഠപുസ്തകം തന്നെയായിരുന്നു. ആതിരയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് കഥയെ നയിക്കുന്നത്. മോഹൻലാൽ അങ്കിളും മമ്മൂട്ടി അങ്കിളും ഓർമവച്ച നാൾമുതൽ ആരാധനാ മുഖങ്ങളാണ്. നയൻ മാമിന്റെയും ഫാൻ ഗേളാണ്. അവരൊക്കെ ഇങ്ങോട്ട് വന്ന് സംസാരിച്ചപ്പോൾ ത്രില്ലടിച്ചുപോയി. കഥാപാത്രങ്ങളായി മാറുന്നത് നേരിൽക്കണ്ടത് പുതിയ അനുഭവമായി. സെറ്റിൽ കംഫർട്ടബിളാകാനും എല്ലാവരും ഏറെ സഹായിച്ചു. ഇതൊന്നും സ്വപ്നമല്ലെന്നത് ഇന്നും ഉൾക്കൊള്ളാനായിട്ടില്ല.
സിനിമ വേറെ
നാടകവും സിനിമയും രണ്ടും രണ്ടാണ്. നാടകത്തിൽ ഏറെ ദൂരെ ഇരിക്കുന്ന സദസ്സിലേക്കുവരെ ഡയലോഗും ഭാവങ്ങളും എത്തിക്കണം. എന്നാൽ, സിനിമയിൽ അതിന്റെ ആവശ്യമില്ല. മുഖത്തെ നേരിയ ഭാവവ്യത്യാസങ്ങൾപ്പോലും കാമറ ഒപ്പിയെടുക്കും. അതിനാൽ കഥാപത്രത്തെ പൂർണമായും ഉള്ളിലേക്കെടുത്ത് ജീവിക്കണം. നാടകക്കളരികൾ അഭിനയം എന്താണെന്ന് പഠിപ്പിക്കുകയും പരിഭ്രമം ഇല്ലാതാക്കുകയും ചെയ്തു. ആ ആത്മവിശ്വാസമാണ് ആതിരയായി ജീവിക്കാൻ കരുത്തേകിയത്.
ഇഷ്ടം പിന്നണി
സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാൻ ഏറെ ആഗ്രഹമുണ്ട്. സിനിമാട്ടോഗ്രഫി ഇഷ്ടമാണ്. ഇപ്പോൾ കാരപ്പറമ്പ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിയാണ്. എൻഐഎഫ്ടിയിൽ ഫാഷൻ ഡിസൈനിങ് പഠിക്കണം. പിന്നീട് ആഗ്രഹങ്ങൾ ഓരോന്നായി എത്തിപ്പിടിക്കണം. നല്ല വേഷങ്ങൾക്കായും കാത്തിരിക്കുന്നു. അച്ഛൻ സന്തോഷും അമ്മ ബിനിലയും ചേച്ചി ശ്രീലക്ഷ്മിയും അധ്യാപകരും സുഹൃത്തുക്കളുമെല്ലാം പിന്തുണയായി കൂടെത്തന്നെയുണ്ട്.









0 comments