"ബീഫ് കഴിക്കാൻ ആളെ ആവശ്യമുണ്ടെങ്കിൽ പറയണം; ഇതേത് കേരളം"

രണ്ടാംഭാഗത്തിലൂടെയും മതനിരപേക്ഷ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം മാത്രം നടത്തുന്ന ‘ദി കേരള സ്‌റ്റോറി’ക്കെതിരെ രൂക്ഷവിമർശനം. വർഗീയവിഷം കുത്തിനിറച്ച്, കേരളത്തെയും മുസ്ലിം സമുദായത്തെയും അധിക്ഷേപിക്കുന്ന ചിത്രത്തിന്റെ സംഘപരിവാർ അജണ്ട സോഷ്യൽമീഡിയയിലൂടെ മലയാളികൾ തുറന്നകാട്ടുകയാണ്.
തീവ്രവിദ്വേഷം പടർത്തുന്ന ഉള്ളടക്കമാണ് ചിത്രത്തിലെന്ന് വ്യക്തമാക്കുന്നതാണ് "ദി കേരള സ്റ്റോറി 2'ന്റെ പുറത്തുവന്ന ട്രെയിലര്‍. വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച്, കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഉടനീളം വർഗീയ അതിപ്രസരമുള്ള രംഗങ്ങളും സംഭാഷണങ്ങളുമാണുള്ളത്. "അടുത്തതായി അവർ നിങ്ങളുടെ മകളെ ലക്ഷ്യമിടുംമുമ്പ് 'എന്ന് പറഞ്ഞാണ് ട്രെയിലര്‍ അവസാനിക്കുന്നത്. 25 വർഷത്തിനുള്ളിൽ ഭാരതം ഇസ്ലാമിക് സ്റ്റേറ്റ് ആയി മാറും, ഇസ്ലാമിക ശരിയത്ത് നിയമം നടപ്പാകുമെന്നും പറയുന്നു. മലയാളി പെൺകുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കാൻ ശ്രമിക്കുന്നത് പോലുള്ള പരിഹാസ്യമായ രംഗങ്ങളും ചിത്രത്തിലുണ്ട്.
ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയതോതിൽ വിമർശനങ്ങളും ട്രോളുകളും നിറഞ്ഞു.
ഇതേത് കേരളത്തെയാണ് സിനിമയിൽ കാണിക്കുന്നത് എന്നാണ് പലരും ചോദിച്ചത്. "ബീഫ് കഴിക്കാൻ ഇനി ആളെ ആവശ്യമുണ്ടെങ്കിൽ പറയണം, നിർബന്ധിക്കാതെ തന്നെ കഴിച്ചോളാം' എന്നായിരുന്നു മറ്റൊരു പരിഹാസം. "അടുത്ത നാഷണൽ അവാർഡ് ലോഡിങ്' എന്നും പലരും പ്രതികരിച്ചു.
നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റോറി എന്ന അപഹാസ്യമായ വ്യാജപ്രതീതി നിർമിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.










0 comments