ആഭ്യന്തര ബോക്സ് ഓഫീസിൽ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച് 'സിതാരെ സമീൻ പർ'

ന്യൂഡൽഹി: ചുരുങ്ങിയ കാലയളവിൽ തന്നെ ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ആമിർ ഖാൻ നായകനായ 'സിതാരെ സമീൻ പർ'. ആഭ്യന്തര ബോക്സ് ഓഫീസിൽ 100 കോടിയിലധികം രൂപ കളക്ഷൻ ചിത്രം നേടി.
ആർ എസ് പ്രസന്ന സംവിധാനം ചെയ്ത ചിത്രം ആമിർ ഖാൻ, അപർണ പുരോഹിത്, രവി ഭഗ്ചന്ദ്ക എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ 'താരേ സമീൻ പർ' എന്ന ചിത്രത്തിന്റെ തുടർച്ചയായി കണക്കാക്കപ്പെടുന്ന 'സിതാരെ സമീൻ പർ' ജൂൺ 20 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ആഭ്യന്തര ബോക്സ് ഓഫീസിൽ 10.7 കോടി രൂപയുടെ ഓപ്പണിങ് കളക്ഷൻ നേടിയാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രം ഇതുവരെ 107.78 കോടി രൂപ നേടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഒരു ബാസ്കറ്റ്ബോൾ പരിശീലകന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആമിർ ഖാൻ തന്നെയാണ് പരിശീലകന്റെ വേഷത്തിലെത്തുന്നത്. ഭിന്നശേഷിക്കാർ അംഗങ്ങളായുള്ള ബാസ്കറ്റ്ബോൾ ടീമിന്റെ പരിശീലകനായി ആമിർ എത്തുന്നതോടെയാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്.
ജനീലിയ ഡിസൂസ, അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
2007ലാണ് 'സിതാരെ സമീൻ പർ'ന്റെ പ്രീക്വലായ 'താരെ സമീൻ പർ' പുറത്തിറങ്ങിയത്. ദർഷീൽ സഫാരി, തനയ് ഛേദ, വിപിൻ ശർമ്മ, ടിസ്ക ചോപ്ര എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിസ്ലെക്സിയയെ കുറിച്ച് സംസാരിക്കുന്ന ചിത്രത്തിൽ സ്കൂൾ അധ്യാപകന്റെ വേഷമാണ് ആമിർ അവതരിപ്പിച്ചത്.









0 comments