'രംഗീലയിലെ ആ നോട്ടം; ഭൂതിൽ ഉർമിളയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് രാം ഗോപാൽ വർമ്മ

സംവിധായകൻ രാം ഗോപാൽ വർമ്മ തന്റെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രമായ'ഭൂതി'നെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. റെഡ് ലോറി ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിൽ ഊർമിള മണ്ഡോദ്കറെ നായികയായി നിശ്ചയിക്കാൻ കാരണം മറ്റൊരു ചിത്രത്തിലെ അവരുടെ പ്രകടനമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. "രംഗീലയിലെ'ഹായ് രാമ..'എന്ന പാട്ടിൽ ചുവന്ന വസ്ത്രമണിഞ്ഞ് ജാക്കി ഷ്രോഫിനെ നോക്കുന്ന ഉർമിളയുടെ ആ തീക്ഷ്ണമായ ഭാവം എന്റെ മനസ്സിൽ പതിഞ്ഞു.ആ ഒരു ക്ലോസപ്പ് ഷോട്ട് കണ്ടപ്പോഴാണ്'ഭൂതി'ലെ സങ്കീർണ്ണമായ വേഷം ചെയ്യാൻ അവർക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പായത്,"വർമ്മ പറഞ്ഞു.
അജയ് ദേവ്ഗണും ഉർമിളയും പ്രധാന വേഷത്തിലെത്തിയ ഭൂത് ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.ഒരു ഫ്ലാറ്റിലേക്ക് താമസം മാറുന്ന ദമ്പതികൾ അവിടെ നേരിടുന്ന അസ്വാഭാവിക സംഭവങ്ങളും,ഭാര്യയുടെ മാനസികനില തെറ്റുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഹൊറർ സിനിമകളുടെ വിജയം
ഒരു ഹൊറർ സിനിമയുടെ80ശതമാനം വിജയവും അഭിനേതാക്കളുടെ പ്രകടനത്തെ ആശ്രയിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. സംഗീതവും ശബ്ദവിന്യാസവും വെറും 20ശതമാനം മാത്രമേ വരുന്നുള്ളൂ. പ്രേക്ഷകന് താൻ ഇരിക്കുന്ന ഇടത്തും ഇത്തരം കാര്യങ്ങൾ സംഭവിക്കാം എന്ന് തോന്നുമ്പോഴാണ് ഹൊറർ സിനിമകൾ വിജയിക്കുന്നത്. അതുകൊണ്ടാണ്'ഭൂതി'ന്റെ പശ്ചാത്തലം ഒരു പഴയ കൊട്ടാരത്തിൽ നിന്നും മുംബൈയിലെ ഒരു സാധാരണ ഫ്ലാറ്റിലേക്ക് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉർമിളയുമായി ഇനിയൊരു സഹകരണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അത്തരം പദ്ധതികളില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'സത്യ', 'രംഗീല', 'ഭൂത്', 'ഏക് ഹസീന തി'എന്നിങ്ങനെ എല്ലാ വിഭാഗം സിനിമകളും തങ്ങൾ ഒന്നിച്ചു ചെയ്തുകഴിഞ്ഞു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം,നടൻ മനോജ് ബാജ്‌പേയിയുമായി വീണ്ടും ഒന്നിക്കുന്ന'പോലീസ് സ്റ്റേഷൻ മേം ഭൂത്'എന്ന ഹൊറർ-കോമഡി ചിത്രം മെയ് മാസത്തിൽ പുറത്തിറങ്ങുമെന്നും രാം ഗോപാൽ വർമ്മ അറിയിച്ചു.










0 comments