‘അവിഹിതം’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക്

കൊച്ചി: സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് (ഐഐഎഫ്എം) ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. യുവനടന്മാരായ ഉണ്ണി രാജ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാഞ്ഞങ്ങാട് പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ് അവിഹിതം. 'NOT JUST A MAN’S RIGHT' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രം ഇതിനകം മികച്ച നിരൂപക പ്രശംസ നേടിക്കഴിഞ്ഞു.
അംബരീഷ് കളത്തറയും സെന്ന ഹെഗ്ഡെയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ഗ്രാമീണ പശ്ചാത്തലത്തിലെ കിംവദന്തികളെയും അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കുറ്റാരോപണ മനോഭാവത്തെയും മൂർച്ചയേറിയ ആഖ്യാനത്തിലൂടെ ചിത്രം വരച്ചുകാട്ടുന്നു. തൊഴിൽരഹിതനായ ഒരു യുവാവ് അവിചാരിതമായി കാണുന്ന ഒരു രഹസ്യ കൂടിക്കാഴ്ചയെത്തുടർന്ന്, ആ ബന്ധത്തിലെ സ്ത്രീയെ കണ്ടെത്താൻ ഗ്രാമം ഒരു സൈനിക നടപടിക്ക് സമാനമായ 'ബ്ലൂപ്രിന്റുകൾ' തയ്യാറാക്കുന്നതുമാണ് കഥാതന്തു.
വലിയ താരനിരകളില്ലാതെ തന്നെ, നർമ്മവും മികച്ച തിരക്കഥയും ചേർത്തുവെച്ച് സാമൂഹികമായ നിരീക്ഷണങ്ങളും വിമർശനങ്ങളും സിനിമ മുന്നോട്ടുവെക്കുന്നു. 'തിങ്കളാഴ്ച നിശ്ചയം', '1744 വൈറ്റ് ആൾട്ടോ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ തന്റെ 'മെയ്ഡ് ഇൻ കാഞ്ഞങ്ങാട്' ശൈലി തന്നെയാണ് സെന്ന ഹെഗ്ഡെ ഈ ചിത്രത്തിലും പിന്തുടർന്നത്. ഫിലിം ഫെസ്റ്റിവലിലേക്കുള്ള ചിത്രത്തിന്റെ തിരഞ്ഞെടുപ്പ് സംവിധായകൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
നിപിൻ നാരായണന്റെ 'കാത്തിരിപ്പ്', സജു സുരേന്ദ്രന്റെ 'ഖിഡ്കി ഗാവ്', റിതു ജെയുടെ 'കുട്ടിക്കളി', ഫാസിൽ റസാഖിന്റെ 'മോഹം', പി അഭിജിത്തിന്റെ 'നാൻ രേവതി', ദീപക് ഡിയോണിന്റെ 'പ്രൈവറ്റ്', ഡോ. ബിജുവിന്റെ 'പാപ ബുക്ക', ഗ്രിറ്റോ വ്നസന്റിന്റെ 'ശേഷിപ്പ്', ഉണ്ണികൃഷ്ണൻ ആവളയുടെ 'തന്തപ്പേര്' എന്നീ ചിത്രങ്ങളും ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.











0 comments