ad
Deshabhimani

യുഎസ് ചൈന നയതന്ത്ര ബന്ധങ്ങളിൽ വീണ്ടും നിഴൽ, ട്രംപിന്റെ ആരോപണം തള്ളി ലിൻ ജിയാൻ

txi
വെബ് ഡെസ്ക്

Published on Jul 17, 2026, 03:16 PM | 1 min read

ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും അതിന് തങ്ങൾക്ക് യാതൊരു താല്പര്യവുമില്ലെന്നും വ്യക്തമാക്കി ചൈന. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബീജിംഗ് ഇടപെട്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രതികരണം. അടിസ്ഥാനരഹിതമായ ഇത്തരം കുറ്റപ്പെടുത്തലുകൾ അവസാനിപ്പിക്കാൻ ചൈന ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 2020-ലെ യു എസ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഡൊണാൾഡ് ട്രംപ് വീണ്ടും സംശയം പ്രകടിപ്പിച്ചത്. ഇതിൽ ചൈനയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയത്.


ചൈനയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്ക കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങളെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ബീജിംഗിൽ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണ്. യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈനയ്ക്ക് ഒട്ടും താല്പര്യമില്ല, മുൻപ് ഒരിക്കലും അങ്ങനെ ചെയ്തിട്ടുമില്ല.ഇത്തരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ചൈനയെ വലിച്ചിഴയ്ക്കുന്നത് അമേരിക്ക അവസാനിപ്പിക്കണം- എന്നിങ്ങനെയായിരുന്നു പ്രതികരണം.


ഇതോടെ, വരുന്ന സെപ്റ്റംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നടത്താനിരിക്കുന്ന അമേരിക്കൻ സന്ദർശനത്തെ ഈ വിവാദം ബാധിക്കുമോ എന്ന ചോദ്യം ഉയര്‍ന്നു. " തങ്ങളുടെ ആഭ്യന്തര തിരഞ്ഞെടുപ്പുകളിൽ ചൈനയെ ഒരു വിഷയമാക്കുന്നത് അമേരിക്ക നിർത്തണം. പകരം ചൈന-യുഎസ് ബന്ധം മെച്ചപ്പെടുത്താൻ ഉതകുന്ന കാര്യങ്ങൾ ചെയ്യാൻ അവർ തയ്യാറാകണം." ലിൻ ജിയാൻ മറുപടി നൽകി.


കഴിഞ്ഞ മെയ് പകുതിയോടെ ഡൊണാൾഡ് ട്രംപ് ബീജിംഗ് സന്ദർശിക്കുകയും ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൈകാര്യം ചെയ്യുന്നതിനായി ഒരു പുതിയ ചട്ടക്കൂട് രൂപീകരിക്കുമെന്ന് ഇരു സർക്കാരുകളും അന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സന്ദർശനത്തിനിടെയാണ് സെപ്റ്റംബറിൽ അമേരിക്ക സന്ദർശിക്കാൻ ട്രംപ് ഷി ജിൻപിംഗിനെ ക്ഷണിച്ചതും ചൈന അത് സ്വീകരിച്ചതും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home