'പ്രൊമോഷനെത്തിയില്ല, നിർമാതാവിന് 25 ലക്ഷം നഷ്ടം': ബിജു മേനോനെതിരെ ബി ഉണ്ണികൃഷ്ണൻ

ബിജു മേനോൻ, ബി ഉണ്ണികൃഷ്ണൻ
കൊച്ചി: സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്നും കരാർ ലംഘിച്ച് പ്രമുഖ താരങ്ങൾ വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. പ്രൊമോഷന് സഹകരിക്കാത്ത താരങ്ങളുടെ നിലപാട് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. നടൻ ബിജു മേനോന്റെ പേരെടുത്തു പറഞ്ഞായിരുന്നു ബി ഉണ്ണികൃഷ്ണന്റെ വിമർശനം. നടൻ പ്രൊമോഷന് എത്താതിരുന്നതു മൂലം നിർമാതാവിന് ചാനൽ റൈറ്റ്‌സ് ഇനത്തിൽ ലഭിക്കേണ്ട തുകയിൽ 25 ലക്ഷം രൂപയുടെ കുറവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ ചിത്രീകരണം നീണ്ടുപോകുന്നതിന് പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്നും ബി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. ഈ പ്രവണതകൾ അവസാനിപ്പിക്കാനായി ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് പുതിയ സേവന വേതന കരാർ പരിഷ്‌കരിച്ചു. നിർമാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ, അഭിനേതാക്കൾ എന്നിവർ ഒപ്പിടുന്ന സംയുക്ത കരാർ ഉടൻ നിലവിൽ വരും. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന എല്ലാ അഭിനേതാക്കളും ഈ കരാറിന്റെ ഭാഗമാകണമെന്നത് നിർബന്ധമാക്കും. പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കണമെന്ന നിബന്ധനയും കരാറിൽ വ്യക്തമായി ഉൾപ്പെടുത്തും.
തൊഴിൽ സാഹചര്യങ്ങളിൽ കാതലായ മാറ്റങ്ങളും പുതിയ കരാർ മുന്നോട്ടുവെക്കുന്നുണ്ട്. നിലവിലുള്ള 16 മണിക്കൂർ ഷൂട്ടിംഗ് കാൾ ഷീറ്റ് 12 മണിക്കൂർ ആക്കി കുറച്ചു. നിശ്ചിത സമയത്തിന് ശേഷം ജോലി ചെയ്യേണ്ടി വരുന്ന പക്ഷം സാങ്കേതിക പ്രവർത്തകർക്ക് ഓവർടൈം (OT) അനുവദിക്കും. കൃത്യസമയത്ത് ചിത്രീകരണം പൂർത്തിയാക്കി നിർമാതാക്കളെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കുകയാണ് ഈ പുതിയ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.










0 comments