ഇത് 'പ്രേമലു'വല്ല, 'പ്രേം കീടാണു'; ഹിന്ദി റീമേക്ക് ടീസർ പുറത്ത്
മുംബൈ: മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ ഹിന്ദി റീമേക്ക് ടീസർ പുറത്ത്. ‘പ്രേം കീടാണു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അപൂർവ് സിങ് കർക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ‘പ്രേമലു’വിന്റെ അതേ കഥയല്ല ഹിന്ദി റീമേക്കിലുള്ളതെന്നാണ് വിവരം.
കഥയിൽനിന്നുള്ള പ്രധാന ചില ഭാഗങ്ങൾ മാത്രമാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന. കോളേജ് ആണ് പ്രധാന പശ്ചാത്തലമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. മൂന്ന് നായികമാരെയും പരിചയപ്പെടുത്തുന്നുണ്ട്. അവനിക ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രവുമായി ഭാവനാ സ്റ്റുഡിയോസും സഹകരിക്കുന്നുണ്ട്. ചിത്രം ഒക്ടോബർ രണ്ടിനു തിയറ്ററുകളിലെത്തും.
2024ൽ ഗിരീഷ് എ ഡിയുടെ സംവിധാനത്തിലെത്തിയ മലയാള ചിത്രം പ്രേമലും വമ്പൻ ഹിറ്റായിരുന്നു. ഹൈദരാബാദ് പശ്ചാത്തലത്തിലെത്തിയ ചിത്രം ഇന്ത്യയിലൊട്ടാകെ തരംഗം സൃഷ്ടിച്ചു. മമിത ബൈജുവും നസ്‍ലെനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റീനുവും സച്ചിനും പ്രേക്ഷകർക്ക് ഇഷ്ട കഥാപാത്രങ്ങളായിരുന്നു.










0 comments