എൻടിഎ ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാർച്ച്
പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ക്രൂര മർദനം; സമരക്കാരെ കസ്റ്റഡിയിലെടുത്തു

എൻടിഎ ആസ്ഥാനത്തേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിൽ പങ്കെടുത്ത വിദ്യാർഥിനികളെ ബലം പ്രയോഗിച്ച് നീക്കുന്നു (ഫോട്ടോ: പി വി സുജിത്ത്)
ന്യൂഡൽഹി: യുജിസി-നെറ്റ് പുനഃപരീക്ഷയ്ക്കെതിരെ ഡൽഹിയിലെ എൻടിഎ ആസ്ഥാനത്തേക്ക് നടത്തിയ എസ്എഫ്ഐ പ്രതിഷേധത്തിന് നേരെ പൊലീസിന്റെ ക്രൂരമർദനം. മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികളെ ഡൽഹി പൊലീസ് ക്രൂരമായി മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ എൻടിഎയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. മറ്റ് ഇടതുപക്ഷ സംഘടനകളും മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
യുജിസി നെറ്റ് പരീക്ഷാ ഫീസ് പൂർണമായും റീഫണ്ട് ചെയ്യുക, പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരമുണ്ടാകുക, പഠനത്തിന് കാലതാമസം വരുത്താതിരിക്കുക, പിഎച്ച്ഡി പ്രവേശനങ്ങൾ, ഫെലോഷിപ്പുകൾ, മറ്റ് അക്കാദമിക് അവസരങ്ങൾ എന്നിവയ്ക്ക് പുനഃപരീക്ഷ കാലതാമസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക, എൻടിഎയുടെ ആവർത്തിച്ചുള്ള പരീക്ഷാ ക്രമക്കേടുകളിലും പേപ്പർ ചോർച്ചകളിലും സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തുക, എൻടിഎ പിരിച്ചുവിടുക എന്നിവയായിരുന്നു എസ്ഫഎഫ്ഐ പ്രതിഷേധത്തിന്റെ പ്രധാന ആവശ്യങ്ങൾ.
എൻടിഎ ആസ്ഥാനത്തേക്ക് നടന്ന മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. എൻടിഎ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെയാണ് ഡൽഹി പൊലീസ് അക്രമം അഴിച്ചുവിട്ടത്. മാർച്ചിൽ പങ്കെടുത്ത പെൺകുട്ടികളെയും പൊലീസ് മർദിച്ചു. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ് ഇളമൺ, സംസ്ഥാന പ്രസിഡന്റ് നാദിയ എന്നിവരുൾപ്പെടെയുള്ള വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ പത്ത് വഷത്തിനിടെ 80ലധികം പ്രവേശന പരീക്ഷചോദ്യ പേപ്പറുകളാണ് ചോർന്നത്. എൻടിയെയുടെ കെടുകാര്യസ്ഥതയിൽ പുനഃപരീക്ഷകൾ നടത്തേണ്ടിവന്നു. ജൂണിൽ യുജിസി-നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ദീർഘ നാളായി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. 45 ദിവസത്തിന് ശേഷം ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകൾ വീണ്ടും നടത്തുമെന്ന് എൻടിഎ പ്രഖ്യാപിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷ പേപ്പർ ചോർന്നതോടെ ഇരുപതോളം വിദ്യാർഥികളാണ് ജീവനൊടുക്കിയത്.
ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിലൂടെ ബിജെപി-ആർഎസ്‌എസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് വിദ്യാർഥികൾ തെളിയിച്ചു. രാജ്യത്തെ പ്രവേശന പരീക്ഷകളിൽ കേന്ദ്ര ഏജൻസികൾക്കുണ്ടാകുന്ന നിരന്തര വീഴ്ചകളെയും വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ഡൽഹി പൊലീസിനെ ഉപയോഗിക്കുന്നതിനെയും എസ്എഫ്ഐ ശക്തമായി അപലപിച്ചു. വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.










0 comments