ഇൻഫാന്റിനോക്കെതിരെ സ്കോട്ട്‌ലൻഡും

സ്കോട്ട്‌ലൻഡ്: ഫിഫയെ സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്ന കരാറിന് തുനിഞ്ഞ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയ്‌ക്കെതിരായ യൂറോപ്പിന്റെ പ്രതിഷേധം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിൽ സ്കോട്ട്‌ലൻഡ് ഫുട്‌ബോൾ അസോസിയേഷൻ ഇൻഫന്റീനോയിൽ അവിശ്വാസം രേഖപ്പെടുത്തുന്നതായി അറിയിച്ചു. 2027 ൽ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇൻഫന്റീനോയ്‌ക്ക് വോട്ടു ചെയ്യില്ലെന്ന് സ്‌കോട്ടിഷ് ഫുട്‌ബോൾ അസോസിയേഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഇയാൻ മാക്‌സ്‌വെൽ വ്യക്തമാക്കി.
സ്‌കോട്ടിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് മൈക്ക് മുൾറെനി ഫിഫയുടെ ഫിനാൻസ് വിഭാഗം മേധാവിയായതിനാൽ അവർ ഇൻഫന്റീനോയ്‌ക്കെതിരെ പ്രതികരിച്ചില്ലെന്ന വാർത്തകൾ ഇയാൻ മാക്‌സ്‌വെൽ തള്ളി. സ്‌കോട്ടിഷ് ടീമിന്റെ പരിശീലകനായി ബെൽജിയത്തിൽ നിന്നുള്ള സെബാസ്‌റ്റ്യൻ പൊകോഗ്‌നോളിയെ നിയോഗിച്ചതായും ഇയാൻ മാക്‌സ്‌വെൽ അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങളുടെ ഫുട്‌ബോൾ സംഘടനകളെല്ലാം ഇൻഫന്റീനോയ്‌ക്ക് എതിരാണ്. ഫിഫയെ അമേരിക്കയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീക്കത്തോട് കടുത്ത എതിർപ്പിലാണ് യുവേഫ. ഇംഗ്ലണ്ട്, വെയിൽസ്, അയർലന്റ് എന്നിവരും ഇൻഫന്റീനോയോട് കടുത്ത എതിർപ്പ് അറിയിച്ചിരുന്നു.










0 comments