ഭാര്യയെ ഉപേക്ഷിച്ചാല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അസം സര്‍ക്കാര്‍

ഗുവാഹത്തി : നിയമപരമായി വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിച്ചാൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അസം സർക്കാർ. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 20 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഈ തുക ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ബിശ്വ ശർമ പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗുവാഹത്തിയിലെ ഖാനാപ്പാറയിൽ സംസാരിക്കുന്നതിനിടെയാണ് പരാമർശം. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലായിരിക്കുന്ന സമയത്തായാലും ഇത് ബാധകമാണ്. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സത്രീക്കൊപ്പം താമസിക്കുകയോ, വിവാഹം കഴിക്കുകയോ ചെയ്‌തെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭർത്താവിന് മറ്റ് സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ പരാതി നൽകിയാൽ അത് കണക്കിലെടുക്കുമെന്നും അവർ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കുകയെന്നും അറിയിച്ചു.
ഇതിനായി സിവില്‍ നിയമങ്ങളിലും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളിലും ഇതിനകം തന്നെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യമേഖലയിലും സമാനമായ നീക്കം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.










0 comments