ഓണമെത്തിയിട്ടും ശമ്പളം പോലുമില്ല; കെഎസ്ആർടിസി താൽക്കാലിക ജീവനക്കാർ ദുരിതത്തിൽ

തിരുവനന്തപുരം: ഓണം പടിവാതിൽക്കലെത്തിയിട്ടും കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരോട് ക്രൂരമായ അവഗണന തുടർന്ന് യുഡിഎഫ് സർക്കാർ. താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളം പോലും നൽകിയിട്ടില്ല.
താൽക്കാലിക ജീവനക്കാർക്ക് ജൂലൈ 15 വരെയുള്ള ശമ്പളം മാത്രമാണ് വിതരണം ചെയ്തത്. ജൂലൈയിലെ ശമ്പളം ആഗസ്റ്റ് അഞ്ചിന് മുൻപായി ജീവനക്കാർക്ക് നൽകണമെന്നിരിക്കെയാണ് ആഗസ്റ്റ് 17 ആയിട്ടും ശമ്പളം കൊടുക്കാത്തത്. താത്കാലികക്കാരെ മന:പ്പൂർവം പട്ടിണിയിലാക്കുകയാണ് സർക്കാർ.
സ്ഥിരം ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്നുണ്ട്. സ്ഥിരം ജീവനക്കാർക്ക് ആഗസ്റ്റ് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നൽകാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. അതേസമയം, ഓണം അലവൻസിന്റെ കാര്യത്തിൽ സ്ഥിരം ജീവനക്കാരുടെ വിഷയം അധികൃതർ ഇതുവരെ ചർച്ചയ്‌ക്കെടുത്തിട്ടില്ല.
എന്നാൽ താൽക്കാലിക ജീവനക്കാർക്ക് മുൻമാസത്തെ വേതനം പോലും നിഷേധിക്കുന്ന ഇരട്ടത്താപ്പാണ് അധികൃതർ കാണിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്ന നിരാശയിലാണ് താൽക്കാലിക ജീവനക്കാർ.









0 comments