ഔദ്യോഗിക രേഖകളിൽ ഇനി 'കേരളം'; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ഇരു സഭകളിലും ബിൽ എതിരില്ലാതെ പാസായിരുന്നു. കേരളത്തിന്റെ പേര് മാറ്റുന്നതിനുള്ള ബിൽ ലോക്സഭ ആറ് മിനിറ്റിനുള്ളിലാണ് പാസാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ച ബിൽ ചർച്ചയില്ലാതെ പാസാക്കുകയായിരുന്നു.
അമിത് ഷായുടെ പേരിലായിരുന്നു ബിൽ പട്ടികപ്പെടുത്തിയിരുന്നതെങ്കിലും ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യത്തിൽ നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചതും ലോക്സഭയിൽ പാസാക്കുമ്പോൾ സർക്കാരിനുവേണ്ടി സംസാരിച്ചതും. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് നിത്യാനന്ദ് റായ് സഭയിൽ വിമർശിച്ചിരുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജുവും കെ സി വേണുഗോപാൽ എംപിയുടെ പേര് പരാമർശിച്ച് സമാന വിമർശനം ഉന്നയിച്ചു.
കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം പുതിയതല്ല. 2023ൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ ഭരണഘടനയുടെ ഒന്നാം പട്ടികയ്ക്കൊപ്പം എട്ടാം പട്ടികയിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയെന്നും എട്ടാം പട്ടികയിൽ മാറ്റം ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു.
തുടർന്ന് 2024 ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പുതുക്കിയ പ്രമേയത്തിലെ ആവശ്യം. നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
ഇതിന്റെ തുടർച്ചയായാണ് കേന്ദ്ര സർക്കാർ ‘കേരളം ബിൽ, 2026’ കൊണ്ടുവന്നത്. ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ രാജ്യസഭയിലും പാസാക്കി. രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചതോടെ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഭേദഗതി നിലവിൽ വരികയും സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ ആയി മാറുകയും ചെയ്തു.
ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകൾ, വിജ്ഞാപനങ്ങൾ, നിയമപരമായ രേഖകൾ തുടങ്ങിയവയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നായിരിക്കും രേഖപ്പെടുത്തുക.









0 comments