75,000 രൂപ വരെയുള്ള കാർഷിക വായ്പകള്‍ പൂർണമായും എഴുതിത്തള്ളും; പ്രഖ്യാപനവുമായി വിജയ്

ചെന്നൈ : കാർഷിക വായ്പയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സഹകരണ ബാങ്കുകളിൽ നിന്ന് 75,000 രൂപ വരെ വായ്പയെടുത്ത കർഷകരുടെ കടം പൂർണമായും എഴുതിതള്ളുമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. 75,000 മുതൽ ഒരു ലക്ഷം വരെയുള്ള വായ്പകൾക്ക് 75,000 രൂപ വരെ ഇളവ് നൽകുമെന്നും വ്യക്തമാക്കി.
ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് സർക്കാർ 35,000 വരെ ഇളവ് നൽകുമെന്നും പ്രഖ്യാപനമുണ്ട്. അധികാരമേറ്റ് 15 ദിവസത്തിനുള്ളിൽ 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ സർക്കാർ എഴുതിത്തള്ളിയിരുന്നുവെന്നും വിജയ് പറഞ്ഞു.
'സംസ്ഥാനത്തിന്റെ നട്ടെല്ലാണ് കൃഷി. തമിഴ്നാടിന്റെ അഭിവൃദ്ധിക്ക് കാരണക്കാരായ കർഷകരെ പിന്തുണയ്ക്കുന്നതാണ് സർക്കാരിന്റെ രീതി. തമിഴ്നാടിന്റെ ജീവൻ ഇവിടത്തെ ജനങ്ങളാണെങ്കിൽ കർഷകർ ജീവനാഡിയാണ്. കർഷകരുടെ കടങ്ങൾ വെട്ടിക്കുറയ്ക്കുകയെന്നതും കൃഷി ശക്തിപ്പെടുത്തുകയെന്നതും ഞങ്ങളുടെ ഉത്തരവാദിത്വമാണ്, വിജയ് പറഞ്ഞു. കർഷകർക്ക് 953.06 കോടിയുടെ അധിക സഹായം നൽകുമെന്നും വിജയ് പറഞ്ഞു.
പദ്ധതി പ്രകാരം സംസ്ഥാനത്തെ 1.38 ലക്ഷത്തിലധികം കർഷകർക്ക് അധിക സഹായം ലഭിക്കുമെന്നും വിജയ് പറഞ്ഞു. പുതിയ ഇളവുകൾക്കായി 953.06 കോടി രൂപയാണ് സർക്കാർ അധികമായി കണ്ടെത്തുന്നത്. ഇതോടെ പദ്ധതിയുടെ മൊത്തം ചെലവ് 6,220 കോടി രൂപയാകും. അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കുന്ന വേളയിലാണ് വിജയിയുടെ ഈ പ്രഖ്യാപനം. പദ്ധതിയുടെ പൂർണ്ണ രൂപരേഖയും മറ്റ് മാനദണ്ഡങ്ങളും ഉടൻ തന്നെ സർക്കാർ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.










0 comments