ad
Deshabhimani

പേരിൽ കുരുക്ക്; 'പേട്രിയറ്റിന്' കത്രിക വെച്ച് സെൻസർ ബോർഡ്

Patriot

പേട്രിയറ്റ് സിനിമ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 22, 2026, 04:52 PM | 1 min read

തിരുവനന്തപുരം : മലയാളത്തിലെ വമ്പൻ താരനിര അണിനിരക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' സെൻസർ കുരുക്കിൽ. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡിന്റെ നടപടി.

റീ-എഡിറ്റിങിലൂടെ ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.


നേരത്തെ, റിലീസുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്' ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിനിമയുടെ കളക്ഷനിൽ നിന്നുള്ള നിർമ്മാണ-വിതരണ വിഹിതം നിർമ്മാതാവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിരുന്നു സംഘടനയെ പ്രകോപിപ്പിച്ചത്. ഈ സാഹചര്യങ്ങൾക്കിടെയാണ് കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നിർദ്ദേശം നൽകിയത്.


നീണ്ട 18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. 2008 ൽ പുറത്തിറങ്ങിയ ട്വന്റി ട്വന്റി യിലാണ് അവസാനമായി ഇവർ ഒന്നിച്ചത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. താൻ ചിത്രത്തിൽ വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫഹദ് ഫാസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറെ സർപ്രൈസുകൾ നിറഞ്ഞ കൊമേഴ്സ്യൽ സിനിമയായിരിക്കും ഇതെന്നാണ് സംവിധായകൻ മഹേഷ് നാരായണൻ നൽകുന്ന ഉറപ്പ്.


ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളാണ്. ജിനു ജോസഫ്, രാജീവ് മേനോൻ, പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. ഇന്ത്യ, ശ്രീലങ്ക, യു കെ, അസർബെയ്ജാൻ, യുഎഇ എന്നീ രാജ്യങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയത്.












deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home