'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ആരൊക്കെ? ഉത്തരം ഉടൻ; ടീസർ പുറത്ത്
കൊച്ചി: പാർവതി തിരുവോത്ത് ശക്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ടീസർ പുറത്ത്. പിസ്റ്റൽ നമ്പർ 1634721... ഈ പിസ്റ്റൽ നമ്പർ പറഞ്ഞാണ് ടീസറിന്റെ തുടക്കം. പിന്നീട് പൊലീസ് ട്രെയിനിങ് ക്യാമ്പിന്റെ ദൃശ്യങ്ങൾ... പാർവതിയും, മാത്യു തോമസും, സിദ്ധാർഥ് ഭരതനും, ഉണ്ണി മായയും, ഇവരുടെ മുഖങ്ങളിലെ ഭയം, പൊലീസ് സ്റ്റേഷന് അകത്തുള്ള കുറെയധികം ദൃശ്യങ്ങളുമാണ് കാണാനാവുക. ഒരു ഗംഭീര പൊലീസ് ക്രൈം ത്രില്ലറിന്‍റെ പ്രതീക്ഷയാണ് ടീസറിലുള്ളത്.
അസീസ് നെടുമങ്ങാടിനെയും വിജയരാഘവനേയും സ്ക്രീനിൽ കാണാം. 'കുറ്റം എന്നെങ്കിലും മറനീക്കി പുറത്തുവരും ആ ഒരു ദിവസത്തിനുവേണ്ടി ഞാൻ കാത്തിരിക്കും' എന്ന വിജയരാഘവന്റെ സംസാരവും പൊലീസ് വാനിൽ കയറിവരുന്ന പാർവതിയെയും കാണുമ്പോൾ പൊലീസുകാർക്കിടയിൽ നടക്കുന്ന കുറ്റാന്വേഷണത്തിന്റെ സൂചനയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ പ്രഥമദൃഷ്ട്യ കുറ്റക്കാർ ആരൊക്കെയാണ്? സെപ്തംബർ 11ന് ഇതിനൊരു ഉത്തരം ലഭിക്കും.
11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദാണ്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ '. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാർവതി തിരുവോത്താണ് ഈ വേഷം അവതരിപ്പിക്കുന്നത്.
ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പൊലീസ് വേഷമാണിത്. പാർത്ഥിപന്‍, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബാംഗ്ലൂർ, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.
സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: മനോജ് കുമാർ പി, ലൈൻ പ്രൊഡ്യൂസർ: ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ- ജോസഫ് കെ തോമസ്, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, കലാസംവിധാനം: മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: കലൈ കിംഗ്‌സൺ, വസ്ത്രാലങ്കാരം: സമീറ സനീഷ്, പിആർഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പി ആർ: ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ.









0 comments