വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-അടൂർ ഗോപാലകൃഷ്ണൻ ചിത്രം; 'പദയാത്ര' ഒടിടി റിലീസോ?

തിരുവനന്തപുരം : അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം 'പദയാത്ര'യെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത്. തിയേറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒടിടി റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷമായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമായ പദയാത്ര യുടെ പോസ്റ്ററുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. അടൂരും കെവി മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
നാലാം തവണയാണ് അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത്. 1987ൽ പുറത്തിറങ്ങിയ അനന്തരം ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. തുടർന്ന് പുറത്തിറങ്ങിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളായി മാറി. മതിലുകളി ലെ വൈക്കം മുഹമ്മദ് ബഷീറായും വിധേയനി ലെ വില്ലനായ ഭാസ്‌കര പട്ടേലരായും വിസ്മയിപ്പിച്ച മമ്മൂട്ടിക്ക് വിധേയനിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. 2016ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിന് ശേഷം പത്ത് വർഷത്തിന് ശേഷമാണ് അടൂർ വീണ്ടും സംവിധായകന്റെ റോളിൽ എത്തുന്നത്.
ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും പ്രവീൺ കുമാർ ചിത്രസംയോജനവും നിർവഹിക്കുന്ന പദയാത്രയുടെ കലാസംവിധാനം ഷാജി നടുവിലാണ്. മുജീബ് മജീദ് സംഗീതവും മീരസാഹിബ് മുഖ്യ സംവിധാന സഹായിയായും പ്രവർത്തിക്കുന്നു. പഴമയുടെ രസക്കൂട്ടുകൾ കോർത്തിണക്കിയുള്ള ഈ സിനിമയുടെ റിലീസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.









0 comments