print edition കേരളം വിറച്ച 30 മണിക്കൂർ

സെക്രട്ടറിയറ്റ് സമരഗേറ്റിൽ നടന്ന ഒരു പഴയ സമരത്തിൽ സുഗതകുമാരി സംസാരിക്കുന്നു. ജി കുമാരപിള്ള, എം പി മന്മഥൻ തുടങ്ങിയവർ സമീപം (ഫയൽ ചിത്രം)
വി എസ് വിഷ്ണുപ്രസാദ്
Published on Nov 14, 2026, 01:35 AM | 2 min read
2013 ആഗസ്ത് 12-ന് കേരളം സാക്ഷ്യം വഹിച്ച മഹാസമരമാണ് സോളാർ തട്ടിപ്പ് കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത സെക്രട്ടറിയറ്റ് വളയൽ. സമീപകാല സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജന പ്രക്ഷോഭങ്ങളിലൊന്നായിരുന്നു ഇത്. സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും സംഘടനാശേഷിക്കുമുന്നിൽ ഉമ്മൻചാണ്ടി സർക്കാർ പകച്ചുനിന്ന മുന്നേറ്റം.
കേരളമൊട്ടാകെയുള്ള ലക്ഷത്തോളം പ്രവർത്തകർ സെക്രട്ടറിയറ്റിന്റെ നാല് കവാടങ്ങളും വളഞ്ഞപ്പോൾ സംസ്ഥാനംതന്നെ സ്തംഭിച്ചു. അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഭരണസിരാകേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. സമരഭടന്മാർക്കുമുന്നിൽ സംസ്ഥാന പൊലീസ് പരാജയപ്പെട്ടപ്പോൾ, സർക്കാർ കേന്ദ്ര സേനയെ (സിആർപിഎ ഫ്) ആശ്രയിച്ചു.
വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകുമെന്ന് മനസ്സിലാക്കിയ സർക്കാർ സെക്രട്ടറിയറ്റിന് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചെങ്കിലും രക്ഷയുണ്ടായില്ല. ജില്ലകളിൽനിന്ന് ട്രെയിനിലും ബസിലുമൊക്കെയായി എൽഡിഎഫ് പ്രവർത്തകർ തലസ്ഥാനത്തേക്ക് ഒഴുകിയെത്താൻ തുടങ്ങിയതോടെ സർക്കാരിന് പിടിവാശി ഉപേക്ഷിക്കേണ്ടിവന്നു. സമരം ആരംഭിച്ച് 30 മണിക്കൂറിനുള്ളിൽ (ആഗസ്ത് 13-) സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായി. ജസ്റ്റിസ് ജി ശിവരാജൻ കമീഷനെയാണ് നിയമിച്ചത്. തുടർന്ന് എൽഡിഎഫ് സമരം അവസാനിപ്പിച്ചു.
32 ദിവസം നീണ്ട 2002ലെ പണിമുടക്ക്: സമരകേന്ദ്രമായി സെക്രട്ടറിയറ്റ്
2002 ഫെബ്രുവരി ആറുമുതൽ മാർച്ച് ഒമ്പതുവരെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ 32 ദിവസ പണിമുടക്കിലെ പ്രധാന സമരകേന്ദ്രം സെക്രട്ടറിയറ്റായിരുന്നു. 1971നുശേഷം എല്ലാ സംഘടനകളും പങ്കെടുത്ത പണിമുടക്കായിരുന്നു അത്. 32 ദിവസവും പണിമുടക്കിയ ജീവനക്കാർ പ്രകടനമായി സെക്രട്ടറിയറ്റിലെത്തി. ആയിരക്കണക്കിന് ജീവനക്കാരാണ് അങ്ങനെ സെക്രട്ടറിയറ്റിനുമുന്നിലെത്തിയത്.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനും തസ്തികകൾ വെട്ടിച്ചുരുക്കാനും നടപടികൾ സ്വീകരിക്കാൻ യുഡിഎഫ് നേതൃയോഗമാണ് സർക്കാരിന് നിർദേശം നൽകിയത്.
ജനുവരി 25ന് സംഘടനാസമിതികൾ പണിമുടക്ക് നോട്ടീസ് നൽകിയെങ്കിലും സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ല. ഡയസ്നോൺ അടക്കം കരിനിയമങ്ങൾ ബാധകമാക്കി ഉത്തരവിട്ടു. ജീവനക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ സർക്കാരും ഭരണകക്ഷി നേതാക്കളും ദുഷ്പ്രചാരണങ്ങൾ അഴിച്ചുവിട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്ന് ലഭിക്കുന്ന 500 കോടി രൂപയിൽ 100 കോടി രൂപ കർഷകരെ സഹായിക്കുന്നതിനുള്ള പാക്കേജ് പ്രഖ്യാപിച്ചു. കർഷകരെ ജീവനക്കാർക്കെതിരെ തിരിക്കാനായിരുന്നു ഇത്.
അവശ്യസർവീസ് നിയമപ്രകാരം 16 വകുപ്പുകളിൽ പണിമുടക്ക് നിരോധിച്ച് ഉത്തരവിറക്കി. നിരോധനങ്ങളും ഭീഷണികളും സമരാവേശം ആളിക്കത്തിക്കാനേ ഉപകരിച്ചുള്ളൂ. പണിമുടക്ക് സർവീസ് മേഖലയിൽ പൂർണമായിരുന്നു. ഓൾ ഇന്ത്യ സർവീസിൽപ്പെട്ടവരും പണിമുടക്കിൽനിന്ന് ഒഴിവാക്കപ്പെട്ടവരും മാത്രമാണ് ജോലിക്ക് ഹാജരായത്. കോടതികൾക്കും പ്രവർത്തിക്കാനായില്ല. പതിവ് പിക്കറ്റിങ്ങിനും പ്രകടനങ്ങൾക്കുമൊപ്പം പുതിയ സമരമുറകളും സെക്രട്ടറിയറ്റിനുമുന്നിൽ അരങ്ങേറി.
എസ്മ പ്രകാരം 133 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 26 വനിതകളും ആറു പാർട്ട്ടൈം ജീവനക്കാരുമുണ്ടായിരുന്നു. പ്രൊബേഷൻകാരെയും ഉന്നതോദ്യോഗസ്ഥരെയും ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ആരും വഴങ്ങിയില്ല. ഒടുവിൽ സമരം ഒത്തുതീർപ്പാക്കാൻ ചർച്ചയ്ക്ക് സർക്കാർ നിർബന്ധിതമായി. സമരത്തിൽ ജീവനക്കാരുടെ കുടുംബങ്ങൾ കുട്ടികൾ സഹിതം സെക്രട്ടറിയറ്റിനുമുന്നിൽ അണിനിരന്നതും ചരിത്രം.









0 comments