print edition മുഖ്യമന്ത്രിക്കെതിരെ വൈദ്യുതി മന്ത്രി; സണ്ണി ഷോക്ക്

ഒ വി സുരേഷ്
Published on Nov 14, 2026, 01:46 AM | 3 min read
തിരുവനന്തപുരം: ഓൺലൈൻ പ്ലാറ്റ്‌ഫോമായ ജിഎൻഎയുമായുള്ള വൈദ്യുത കരാറുണ്ടാക്കുന്നതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ഉയർത്തിയ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞ് മന്ത്രി സണ്ണി ജോസഫ്. സർക്കാരിന്റെ കൂട്ടുത്തരവാദിത്വം ഇല്ലാതായി എന്നതിനേക്കാൾ മുഖ്യമന്ത്രി സതീശൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. വകുപ്പുമന്ത്രിയും കെഎസ്‌ഇബിയും ജിഎൻഎയുമായി കരാറുണ്ടാക്കാൻ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ബലം പകരുന്നതാണിത്.
വകുപ്പും മന്ത്രിയെ പോലും അറിയിക്കാതെ ജിഎൻഎയുമായുള്ള കരാർ പ്രഖ്യാപിക്കുകയും ഇത് ഏറ്റവും മികച്ച കരാറാകുമെന്ന് പരസ്യമായി മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. ഇതിനാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കണ്ണൂരിൽ മാധ്യമങ്ങൾക്കുമുന്നിൽ വെള്ളിയാഴ്‌ച മറുപടി നൽകിയത്. തന്റെ നിലപാടിൽ ഒരുമാറ്റവുമില്ലെന്ന് വ്യക്തമാക്കി. ജിഎൻഎ കരാർ അപ്രായോഗികമെന്ന് പറഞ്ഞ സണ്ണി ജോസഫ്, ഹിമാചൽ പ്രദേശ് സർക്കാരിൽനിന്ന് വൈദ്യുതി വാങ്ങുന്നതാണ് നല്ലതെന്നും ആവർത്തിച്ചു. ഹിമാചൽ പ്രദേശിൽനിന്നും ജിഎൻഎയിൽനിന്നുമുള്ള രണ്ട് ഓഫറുകളാണ് മുന്നിലുണ്ടായിരുന്നതെന്നും ലാഭകരം ജിഎൻഎ ആണെന്നതിനാലാണ് അനുമതി നൽകിയതെന്നുമാണ് നവംബർ നാലിന് മുഖ്യമന്ത്രി പറഞ്ഞത്. ഇതുൾപ്പെടെ മുഖ്യമന്ത്രിയുടെ എല്ലാ ആരോപണങ്ങളും സണ്ണി ജോസഫ് തള്ളി. മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെയാണ് മന്ത്രി പരസ്യമായി നിരാകരിച്ചത്. മന്ത്രിസഭയിലെ കടുത്ത ഭിന്നതയും കൂട്ടുത്തരവാദിത്വമില്ലായ്മയുമാണ് ഇതോടെ പുറത്തായത്.
ഒപ്പിടാൻ സമ്മർദം ചെലുത്തിയിട്ടില്ല: മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഒരുകരാറിലും ഒപ്പിടാൻ കെഎസ്ഇബി സമ്മർദം ചെലുത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞുവെന്ന് കരുതുന്നില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. "ജിഎൻഎയുമായുള്ള കരാർ പ്രായോഗികമല്ല. അതിന്റെ പ്രയാസങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ജിഎൻഎ സ്വകാര്യ സംരംഭമാണ്. രാത്രിയും പകലും വൈദ്യുതി തരും. യൂണിറ്റിന് 8.69 നിരക്കിൽ വൈദ്യുതി തരുമെന്ന് കേൾക്കുമ്പോൾ വില കുറവുതന്നെയാണ്. പക്ഷേ, സ്വകാര്യ സംരംഭമാണെന്നും പ്രയാസങ്ങൾ എന്താണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ സിന്നാറിൽനിന്ന് 570 മെഗാവാട്ട് വൈദ്യുതി ലഭിച്ചു. ഇവരുമായി ഒരുമാസംമുമ്പ് ഡൽഹിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്ന'തായും സണ്ണി ജോസഫ് വെളിപ്പെടുത്തി.
മുഖ്യമന്ത്രിക്കായി വഴി തുറന്നത് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: പവർ ട്രേഡിങ് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഹരിയാന ആസ്ഥാനമായ ജിഎൻഎ എന്ന സ്വകാര്യ ഓൺലൈൻ ട്രേഡിങ് കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കുറിപ്പ് നൽകിയത് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെന്ന് സൂചന. രൂക്ഷമായ പ്രതിസന്ധിയുണ്ടായ സമയത്ത് ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങുന്നതുസംബന്ധിച്ച ഫയലിലാണ് ജിഎൻഎയെ പരിഗണിക്കണമെന്ന് നിർദേശിച്ചത്.
ഒക്‌ടോബർ ആദ്യം മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിലാണ് ജിഎൻഎ കരാറിന് നീക്കം തുടങ്ങിയത്. ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധങ്ങളും ഇതിന് കാരണമായി.
ജിഎൻഎയുടെ വൈദ്യുതി വാങ്ങുമ്പോൾ കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കെഎസ്‌ഇബി സിഎംഡിയായിരുന്ന എം ജി രാജമാണിക്യം റിപ്പോർട്ട് നൽകിയിരുന്നു. ഫയലിൽ ഒപ്പിടാൻ അദ്ദേഹത്തിൽ സമ്മർദമുണ്ടായി. വഴങ്ങാതായതോടെ സിഎംഡി സ്ഥാനത്തുനിന്ന് നീക്കി എൻ പ്രശാന്തിനെ നിയമിച്ചത്.
മുഖ്യമന്ത്രിയുടെ തന്ത്രം പൊളിഞ്ഞു
തിരുവനന്തപുരം: വൈദ്യുതി കരാറിനുള്ള വഴിവിട്ട നീക്കങ്ങളും ദുരൂഹമായ ഇടപെടലുകളും മുഖ്യമന്ത്രിയുടെ അറിവോടെയോ നേതൃത്വത്തിലോ ആണ് നടക്കുന്നത്. ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മാപ്പുപറയണം. ഉദ്യോഗസ്ഥരെ ബലിയാടാക്കിയും നിലപാടുകൾ നിരന്തരം മാറ്റിയും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൂർണമായും പൊളിഞ്ഞു.
ജുഡീഷ്യൽ അന്വേഷണം അനിവാര്യം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഇപ്പോൾ വൈദ്യുതി ആവശ്യമില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം മന്ത്രി സണ്ണി ജോസഫ് തള്ളിയതോടെ ജിഎൻഎ വഴി വൈദ്യുതി വാങ്ങാനുള്ള ദുരൂഹനീക്കത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. ജിഎൻഎ വഴി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി തന്നെയാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി പിന്നീട് നിലപാട് മാറ്റി. തെറ്റായ റിപ്പോർട്ട് നൽകി വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി സമ്മർദം ചെലുത്തിയെന്നും പറഞ്ഞു.
എന്നാൽ, കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും വൈദ്യുതി വാങ്ങാൻ സമ്മർദം ചെലുത്തിയിട്ടില്ലെന്നും ജിഎൻഎ വഴി വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കുന്നത് പ്രായോഗികമല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നിലെ ദുരൂഹത ഇതോടെ പുറത്തായി. ഇക്കാര്യം സിപിഐ എം നേരത്തെ പറഞ്ഞതാണ്. അതിനെ പരിഹസിക്കുകയായിരുന്നു സതീശൻ. സിപിഐ എമ്മിന്റെ നിലപാട് ശരിയെന്ന് വ്യക്തമായി. വൈദ്യുതി കരാർ നീക്കം സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യൽ അന്വേഷണത്തിലുടെ വസ്‌തുതകളെല്ലാം പുറത്തുകൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.








0 comments