നഗരസഭയ്ക്ക് ഭൂമി നൽകിയ ദമ്പതികളെ അനുമോദിച്ചു

അങ്കമാലി നഗരസഭയ്ക്ക് ദാനമായി നൽകിയ ഭൂമിയുടെ ആധാരം ഇടശേരി ഇ ജെ ഡേവിസ്, മാഗി ദമ്പതികൾ ചെയർപേഴ്സൺ റീത്ത പോളിന് കൈമാറുന്നു
അങ്കമാലി
നഗരസഭയുടെ വികസനപദ്ധതികൾ നടപ്പാക്കാൻ 23 സെന്റ് ഭൂമി ദാനമായി നൽകിയ ഇടശേരി ഇ ജെ ഡേവിസ്, മാഗി ദമ്പതികളെ നഗരസഭ കൗൺസിൽ അനുമോദിച്ചു. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ ഡേവിസ്, മാഗി ദമ്പതികൾ ഭൂമിയുടെ ആധാരം ചെയർപേഴ്സൺ റീത്ത പോളിന് കൈമാറി. ഇരുവർക്കും ചെയർപേഴ്സൺ ഉപഹാരം നൽകി.
അങ്ങാടിക്കടവ് പാലത്തിനും റെയിൽവേ മേൽപ്പാലത്തിനുമിടയിലുള്ള ഭൂമിയാണ് കൈമാറിയത്. ഇവിടെ നഗരസഭ പാർക്ക് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. ഡേവിസിന്റെ അച്ഛൻ ഇ എം ജോസഫ് ഇടശേരിയുടെ പേരിലാകും പദ്ധതി നടപ്പാക്കുക.
വൈസ് ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ, സ്ഥിരംസമിതി അധ്യക്ഷരായ ബിനി കൃഷ്ണൻകുട്ടി, വർഗീസ് വെമ്പിളിയത്, ലക്സി ജോയി, ബാസ്റ്റിൻ ഡി പാറക്കൽ, വിനിത ദിലീപ്, പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ്, സെക്രട്ടറി എ പി ജയന്തകുമാർ എന്നിവർ സംസാരിച്ചു.








0 comments