print edition അപ്രഖ്യാപിത നിയമന നിരോധനം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല

എസ് കിരൺബാബു
Published on Nov 14, 2026, 01:56 AM | 1 min read
തിരുവനന്തപുരം: അധികാരത്തിലെത്തി ആറ് മാസം പൂർത്തിയാകുംമുമ്പ് അപ്രഖ്യാപിത നിയമന നിരോധനവുമായി യുഡിഎഫ് സർക്കാർ. ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നാണ് വകുപ്പുകളോട് നിർദേശിച്ചിരിക്കുന്നത്. ഇതോടെ പിഎസ്‍സി വിജ്ഞാപനങ്ങളുടെയും നിയമന ശുപാർശകളുടെയും എണ്ണം കുത്തനെ കുറഞ്ഞു. പിഎസ്‌സിയെ തകർത്ത് പിൻവാതിൽ നിയമനത്തിന് വഴിയൊരുക്കാനുള്ള ഗൂ-ഢനീക്കമാണ് ഇതിനുപിന്നിൽ. എസ്‍സിക്കെതിരെ രാഷ്ട്രീയപ്രേരിതമായി നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവും ഇതിന്റെ ഭാഗമാണ്.
കഴിഞ്ഞ വർഷം 897 വിജ്ഞാപനങ്ങളുണ്ടായിരുന്നത് ഈ വർഷം ഇതുവരെ വരെ 171 എണ്ണം മാത്രമാണുള്ളത്. യുഡിഎഫ് വന്നശേഷം 140 വിജ്ഞാപനങ്ങളേയുള്ളൂ. കഴിഞ്ഞവർഷം ഈ സമയം ഇത് 347 ആയിരുന്നു. വിജ്ഞാപനം കുറയുന്നതോടെ വരുംവർഷങ്ങളിലെ നിയമനങ്ങൾ കുറയും.
പുതിയ തസ്-തികകളിൽ വിജ്ഞാപനമില്ലാതിരിക്കുമ്പോൾ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. ഈവർഷം നവംബർ പകുതി ആയിട്ടും ആകെ നൽകിയ നിയമന ശുപാർശ 23,989 മാത്രം. 2025ൽ 37,425 നിയമനശുപാർശ അയച്ച് പിഎസ്‍സി റെക്കോഡിട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിരം തസ്‌തിക വെട്ടിക്കുറച്ച് താൽക്കാലിക നിയമനം നടത്തുമ്പോഴാണ് വർഷം മുപ്പതിനായിരത്തിലേറെ നിയമനശുപാർശകൾ നൽകി കേരള പിഎസ്‍സി എൽഡിഎഫ് കാലത്ത് അഭിമാനമായത്.
കാലാവധി നീട്ടിയിട്ടും നിയമനമില്ല
ഉദ്യോഗാർഥികളെ കബളിപ്പിക്കാൻ നിലവിലെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതും തട്ടിപ്പാണ്. പുതുതായി പരീക്ഷയെഴുതി കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ അവസരങ്ങളെയാണ് ഇത് ബാധിക്കുക. കാലാവധി നീട്ടിയ ഇരുന്നൂറോളം റാങ്ക് പട്ടികകൾ നവംബർ 30ന് അവസാനിക്കുമ്പോൾ ഭൂരിഭാഗം തസ്തികളിലും പേരിനുപോലും നിയമനം നടന്നിട്ടില്ല. കോളജ് വിദ്യാഭ്യാസവകുപ്പിൽ അസി. പ്രൊഫസർ തസ്-തികകളിലുൾപ്പെടെ ഒരാൾക്കുപോലും കാലാവധി നീട്ടിയിട്ടും നിയമനം ലഭിച്ചില്ല.








0 comments