print edition ചാലയിൽ വൻ സ്വർണ കവർച്ച; മോഷ്ടാക്കൾ എത്തിയത് ബൈക്കുകളിൽ

ചാല (തിരുവനന്തപുരം): തലസ്ഥാനത്തെ പ്രമുഖ വ്യാപാരകേന്ദ്രമായ ചാലയിൽ വൻ സ്വർണക്കവർച്ച. ചാല വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് ബൈക്കിലെത്തിയ സംഘം രണ്ട് കിലോയോളം സ്വർണം കവർന്നെന്നാണ് പരാതി. ഏകദേശം 250 പവൻ സ്വർണം വരുമിത്.
വ്യാഴം രാത്രി 10.30ന് ജ്വല്ലറി അടച്ച് ബൈക്കിൽ വലിയശാലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ സഭാപതി റോഡിൽവച്ച് ബൈക്കിലെത്തിയ സംഘം നന്ദകുമാറിനെ തടഞ്ഞുനിർത്തി സ്വർണമടങ്ങിയ ബാഗ് കവരുകയായിരുന്നു. വിവിധ കടകളിൽനിന്ന് ശുദ്ധീകരിക്കാൻ നൽകിയ സ്വർണമാണ് കവർന്നത്. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്കിന്റെയും പണം കവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹന നമ്പരുകൾ വ്യക്തമല്ല.
മഹാരാഷ്‌ട്ര സ്വദേശിയായ നന്ദകുമാർ ചാല വിവൈഎസ്‌എ 12 വൈഷ്‌ണവി നിവാസിലാണ് താമസം. ജ്വല്ലറിയിൽനിന്ന് അര കിലോമീറ്റർ ദൂരം. 25 വർഷത്തിലധികമായി ചാലയിൽ സ്വർണപ്പണി ചെയ്യുന്നു. പല ജ്വല്ലറികളിൽനിന്നും കിട്ടുന്ന സ്വർണം ശുദ്ധീകരിക്കലാണ് പ്രധാന ജോലി. ഒരു വർഷം മുന്പാണ് ജ്വല്ലറി തുടങ്ങിയത്. ദിവസവും സ്വർണം കടയിൽനിന്ന് വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കും.
മൂന്നുപേരാണ് സംഘത്തിലെന്നാണ് പൊലീസ് നിഗമനം. ബൈക്കിൽ എത്തിയവർ സ്വർണമടങ്ങിയ ബാഗ് പിടിച്ചുപറിക്കുന്പോൾ മുന്പിൽ മറ്റൊരു ബൈക്കുമുണ്ടായിരുന്നു. ഇൗ ബെക്കിലുള്ളവർക്കും കവർച്ചയുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു. ഇതിന്റെ നന്പരും വ്യക്തമല്ല.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം. കടപൂട്ടി സ്വർണവുമായി മരക്കട ഇടറോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുന്പോൾ എസ്‌ബിഐ ബാങ്കിന് സമീപംവച്ചായിരുന്നു കവർച്ച.








0 comments