ad
Deshabhimani

ഫാസിസം സത്യങ്ങളെ വെല്ലുവിളിക്കുമ്പോൾ സിനിമ അതിനെതിരെ ശബ്ദമുയർത്തണം: പാബ്ലോ ലറൈൻ

Pablo Larrain
avatar
Anjali Ganga

Published on Dec 14, 2025, 10:49 PM | 2 min read

തിരുവനന്തപുരം: 'മനുഷ്യൻ നിർമിച്ചതിൽ വച്ച്‌ ഏറ്റവും വലിയ ടൈം മെഷീൻ സിനിമയാണ്‌‍, പഴയ കാലത്തേക്കുള്ള വഴിയും വെളിച്ചവുമാണത്‌. അതുപോലെ തന്നെ ഭാവിയിലേക്കുള്ള മാധ്യമവും'. നിള തീയറ്ററിൽ സംഘടിപ്പിച്ച മാസ്റ്റർക്ലാസിലാണ്‌ ചിലിയൻ സംവിധായകൻ പാബ്ലോ ലറൈൻ സിനിമ തനിക്ക്‌ എന്താണെന്ന്‌ വളരെ ലളിതമായ രീതിയിൽ പറഞ്ഞു വച്ചത്‌. നിറഞ്ഞ സദസിൽ നിലയ്ക്കാത്ത കൈയ്യടിയോടെയാണ്‌ ആ വാചകത്തെ ആസ്വാദകർ ഏറ്റെടുത്തത്‌.


ലളിതമാണെങ്കിലും സിനിമയെപ്പറ്റി ഗഹനമായ കാഴ്‌ചപ്പാടാണ്‌ അദ്ദേഹം നൽകിയത്‌. അതിന്‌ ഉദ്ദാഹരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്‌. ചിലിയിലെ പിനുഷെയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണം അവസാനിക്കുമ്പോൾ പാബ്ലോയ്ക്ക്‌ അന്ന്‌ 12 വയസാണ്‌. അന്ന്‌ നടന്ന ജനഹിതപരിശോധനയെ പറ്റി കാര്യമായി മനസിലാക്കാനുള്ള അറിവില്ല. പക്ഷേ പിന്നീട്‌ വളർന്നപ്പോൾ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിലും മുൻപ്‌ നിലനിന്നിരുന്ന ഏകാധിപത്യ പ്രവണതകൾ എത്രത്തോളം ആഴത്തിൽ സ്വാധീനിക്കപ്പെട്ടിരുന്നുവെന്ന്‌ അദ്ദേഹത്തിന്‌ മനസിലായി. തന്റെ ആദ്യകാല സിനിമകൾ ഇത്തരത്തിലൊരും ടൈം മെഷീനായിരുന്നുവെന്നും ആ കാലഘട്ടം അടയാളപ്പെടുത്താനാമണ്‌ താൻ സിനിമയിലൂടെ ശ്രമിച്ചതെന്നും നവസിനിമകളുടെ സൃഷ്‌ട്ടാവായ പാബ്ലോ നിളയിലെ സിനിമാസ്വാദകരോട് പറഞ്ഞു.


"ഞാനിപ്പോൾ ഇവിടെ സംസാരിച്ചിരിക്കുമ്പോൾ എന്റെ നാട്ടിൽ തെരെഞ്ഞടുപ്പ്‌ നടക്കുകയാണ്‌. അവിടെ തീവ്ര വലതുപക്ഷം അധികാരത്തിൽ വരുമെന്ന്‌ പറയുന്നു. അങ്ങനെയെങ്കിൽ അവർ ചിന്തിക്കേണ്ട ഒന്നുണ്ട്‌. അവർ ഭരിക്കാൻ പോകുന്നത്‌ ഇടതുപക്ഷ മനോഭാവമുള്ള മനുഷ്യരുൾപ്പെടുന്ന സമൂഹത്തെ കൂടെയാണ്‌. അവരെടുക്കുന്ന ഓരോ തീരുമാനങ്ങളും വരും തലമുറയെ സ്വാധീനിക്കും. പക്ഷേ അവർ അത്‌ പരിഗണിക്കുമോ എന്നുറപ്പെനിക്കില്ല'.


സിനിമ എന്നത്‌ തനിക്ക്‌ തന്റെ ആശയങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ഉപാധിയാണെന്നാണ്‌ അദ്ദേഹം പറഞ്ഞു. അതെപ്പോഴും രാഷ്‌ട്രീയവുമായിരിക്കും. "സിനിമയെ മനസിലാക്കണമെങ്കിൽ മൂന്ന്‌ കാര്യങ്ങൾ ഓർമയിലുണ്ടാകണം. ഒന്ന്‌ ഓരോ കഥാപാത്രത്തിന്റെയും ചിന്തകളും ആശയങ്ങളുമാണ്‌. "സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഓരോ കണ്ണാടിയാണ്‌, അവരിലൂടെ നമ്മൾ കാണാൻ ശ്രമിക്കേണ്ടത്‌ ഓരോ ആസ്വാദകരേയുമാണ്‌, അവരിലേക്ക്‌ ഇറങ്ങിച്ചെല്ലാനാണ്‌'.


രണ്ടാമതായി, സിനിമയുടെ ഭാഗമാകണമെന്ന്‌ ചിന്തിക്കുന്ന ഓരോ മനുഷ്യരും ഒരു സിനിമയുടെയെങ്കിലും പുറകിൽ പ്രവർത്തിക്കണമെന്നും സിനിമയെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിൽ ഒതുക്കരുതെന്നും അദ്ദേഹം പറഞ്ഞു.


വർത്തമാനം ഭാവിയോടും ഭൂതകാലത്തോടും കലഹിക്കുന്നിടത്താണ്‌ മികവുറ്റ സിനിമകൾ രൂപീകരിക്കപ്പെടുന്നതെന്നും അതിനാൽ മൂന്നാമതായി ചരിത്രത്തെപ്പറ്റിയും വർത്തമാന സാഹചര്യങ്ങളെപ്പറ്റിയും ആഴത്തിൽ പഠിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. കൃതൃമായ വായന നല്ല സിനിമകൾ ഉണ്ടാക്കുന്നതിന്‌ ഗുണം ചെയ്യും. സിനിമ എന്നത്‌ ഒരു ചരിത്രകാരനും കവിയും ഒരുപോലെ സംഗമിക്കാൻ കഴിയുന്നിടം കൂടിയാണ്‌. അതിനാൽ പഠനങ്ങൾ സിനിമയ്ക്ക്‌ എന്നുമൊരു പ്ലസ്‌പോയിന്റായിരിക്കുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.


ഫാസിസം കാലങ്ങളായി പ്രവർത്തിക്കുന്നത്‌ മൂന്ന്‌ തലങ്ങളിലൂടെയാണ്‌. ആദ്യമത്‌ ഭീഷണിയാണ്‌, പിന്നീടത്‌ വിദ്വേഷ കുറ്റകൃതൃമാകും പിന്നീട്‌ അക്രമാസക്തം ആകും. ഇത്‌ എല്ലാക്കാലത്തും ഇങ്ങനെ നിലനിൽക്കുന്നുണ്ട്‌. അത്‌ തുടർന്നുകൊണ്ടേയിരിക്കുകയാണ്‌. അത്‌ എന്റെ രാജ്യമായ ചിലിയിലായാലും മറ്റേത്‌ കോണിലായാലും. ഫാസിസം ഒരു കലാകാരന്റെ സൃഷ്‌ട്ടിയ്ക്ക്‌ മേൽ കത്തി വയ്ക്കുന്ന പോലെ പ്രവർത്തിക്കും. സത്യങ്ങൾക്ക്‌ വെല്ലുവിളിയുയർത്തും. ആ ഘട്ടത്തിൽ അതിനെതിരെ സിനിമകളിലൂടെ ശബ്‌ദമുയർത്തണമെന്നും പാബ്ലോ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home