print edition ചരിത്രം മിടിക്കുന്ന സിനിമ

കെ വി വിൻസെന്റ്
Published on Oct 18, 2026, 01:30 AM | 2 min read
ലോകയുദ്ധകാലത്ത് ഫ്രാൻസിലെ ഡൺകിർക്ക് തീരത്ത് പെട്ടുപോയ ലക്ഷക്കണക്കിന് സഖ്യകക്ഷി സൈനികരെ സാഹസികമായി ഒഴിപ്പിച്ചതിന്റെ പുനഃസൃഷ്ടിയായ 2017ലെ ‘Dunkirk' പോലെയോ, 1970-ൽ ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് വലിയ പ്രതിസന്ധിയിലായ അപ്പോളോ 13 ദൗത്യയാത്രികരെ തിരികെ ഭൂമിയിലെത്തിച്ചത് അതേപടി ചിത്രീകരിച്ച 1995ലെ ‘Apollo 13' പോലെയോ ഒക്കെ ചരിത്രത്തിൽ ഇടംനേടേണ്ട ഒരു സംഭവത്തിന്റെ നേർചിത്രീകരണമാണ് ‘ഒഴിയാതെ' എന്ന സിനിമ. ഫാറൂഖ് അബ്ദുൾറഹിമാനാണ് സംവിധാനം. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളെയും അവരുടെ അവകാശങ്ങളെയും ഭരണാധികാരികൾ ചവിട്ടിയരച്ച കാഴ്ചകളിലൊന്നാണ് ‘ഒഴിയാതെ'യിൽ ആവിഷ്കരിച്ചിരിക്കുന്നത്.
1976 ആഗസ്ത് ആറിന് 19 വിദ്യാർഥികളെ കാരണംകൂടാതെ അറസ്റ്റ് ചെയ്യുകയും വിചാരണ കൂടാതെ 21 ദിവസം പാലക്കാട് കോട്ടയ്ക്കുള്ളിൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്ത സംഭവമാണ് സിനിമയുടെ വിഷയം. കോൺഗ്രസിന്റെ പ്രാദേശികനേതാക്കളെ സന്തോഷിപ്പിക്കാനായി പുതുനഗരം പൊലീസും പാലക്കാട്ടെ ഒരു മജിസ്ട്രേട്ടു ചേർന്ന് അടിയന്തരാവസ്ഥയുടെ തണലിൽ നടത്തിയ ക്രൂരത. ഇന്ത്യയിൽ വേറൊരിടത്തും പതിനാലും പതിനഞ്ചും വയസ്സുമാത്രമുള്ള വിദ്യാർഥികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടില്ല.
അതിന്റെ തീക്കനൽ 50 വർഷം, അതിന് ഇരകളായ വ്യക്തികളുടെ മനസ്സുകളിൽ എരിഞ്ഞു. ഇപ്പോൾ ‘ഒഴിയാതെ' എന്ന ചലച്ചിത്രത്തിന്റെ കാറ്റൂതി ആ കനലുകൾ വീണ്ടും ഒരു ജ്വാലയായി മാറിയിരിക്കുന്നു. വർത്തമാനകാലത്തിന്റെ ചില ആസന്നമായ വിപത്തുകളിലേക്ക് ആ തീജ്വാലകൾ വെളിച്ചംവീശുകകൂടി ചെയ്യുമ്പോൾ ‘ഒഴിയാതെ' അതിന്റെ ചരിത്രദൗത്യം നിറവേറ്റിയിരിക്കുന്നു എന്ന് അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം.
അന്പതുവർഷംമുന്പത്തെ ഗ്രാമീണജീവിതവും സംഭാഷണശൈലിയും നാട്ടാചാരങ്ങളും പെരുമാറ്റരീതികളുംവരെ സസൂക്ഷ്മം യഥാതഥമായി ആവിഷ്കരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഫാറൂഖ് അബ്ദുൾറഹിമാൻ അഭിനന്ദനമർഹിക്കുന്നു. പുതുതലമുറയിലുള്ളവർക്ക് ഏറെ കൗതുകമുണർത്തുന്ന കേട്ടറിവുകൾമാത്രമായതും പാലക്കാടൻ ഗ്രാമങ്ങളിൽ നിലനിന്നിരുന്നതുമായ മുളകരച്ചുമാട്ടലും തമ്പാട്ടിയുടെ കൽപ്പന പുറപ്പെടുവിക്കലുമെല്ലാം വളരെ കൃത്യമായി ചിത്രീകരിച്ചു.
പ്രേക്ഷകപ്രശംസ നേടിയ മുൻസൃഷ്ടികളായ ‘കളിയച്ഛനും’ ‘പൊരിവെയിലും’ അദ്ദേഹത്തിനു നൽകിയ അനുഭവസമ്പത്ത് തന്റെ ഏറ്റവും പുതിയ സൃഷ്ടിയിൽ അദ്ദേഹത്തിനു മുതൽക്കൂട്ടായി. പ്രമുഖ നടീനടന്മാരില്ലാത്ത ഈ സിനിമയിൽ കഥാപാത്രങ്ങളായത് ഗ്രാമീണരും കുട്ടികളുമാണ്. വീണ്ടുമൊരു അടിയന്തരാവസ്ഥയുടെ കേളികൊട്ട് അലയടിക്കാൻ തുടങ്ങുന്ന ഈ കാലത്ത് ‘ഒഴിയാതെ' പോലുള്ള ഓർമപ്പെടുത്തലുകൾ പ്രധാനമാണ്.
ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തിൽ മേതിൽ കോമളൻകുട്ടിയാണ് സിനിമ നിർമിച്ചത്. 1980കളിൽ കേരളത്തിൽ ജനകീയസിനിമയ്ക്ക് അടിത്തറപാകിയ ‘ഹ്രസ്വചിത്ര'യുടെ തുടർച്ചയാണ് ഇൻസൈറ്റ്. ഗാനങ്ങൾ മേതിൽ സതീശൻ, സംഗീതം ബിജിബാൽ, ആലാപനം പ്രണവം ശശി, ബിജിബാൽ, ചിത്രീകരണം സോണി സുകുമാരൻ, ചിത്രസംയോജനം പ്രേംസായി.









0 comments