Deshabhimani

ദേശീയപാതയിൽ സുരക്ഷ എവിടെ? ഇരുട്ടിൽ പതിയിരിക്കുന്നുണ്ട്‌ അപകടങ്ങൾ

ഹൈവേയിലെ അനധികൃത പാർക്കിങ് ചാലക്ക് സമീപത്തെ ദൃശ്യം
വെബ് ഡെസ്ക്

Published on Oct 18, 2026, 03:00 AM | 1 min read

കണ്ണൂർ ആറുവരി ദേശീയപാത പലയിടത്തും താൽക്കാലികമായി തുറന്നു കൊടുത്തെങ്കിലും ഇതുവഴിയുള്ള യാത്ര എത്രത്തോളം സുരക്ഷിതമെന്ന ചോദ്യമുയരുന്നു. ദേശീയപാതയിലും സർവീസ്‌ റോഡരികിലും നിർത്തിയിടുന്ന ഭാരവാഹനങ്ങൾ വലിയ അപകടത്തിനാണ്‌ വഴിവയ്‌ക്കുക. സർവീസ്‌ റോഡുകളുടെ നിർമാണം പലയിടങ്ങളിലും പൂർത്തിയാകാത്തതും അപകടക്കെണിയൊരുക്കും. ദേശീയപാതയിലും സർവീസ്‌ റോഡരികിലും രാത്രികാലങ്ങളിൽ മതിയായ വെളിച്ചമോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാതെ ലോറികളും ചരക്കുവാഹനങ്ങളും വ്യാപകമായി നിർത്തിയിടുന്നുണ്ട്‌. കുതിച്ചെത്തുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് മുന്നിലെ തടസം പലപ്പോഴും യഥാസമയം തിരിച്ചറിയാനാവില്ല. നിർത്തിയിട്ട വാഹനങ്ങൾ എതിർവശത്തെ കാഴ്ച മറയ്‌ക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. സർവീസ് റോഡുകൾ പലയിടത്തും ഇനിയും പൂർത്തിയായിട്ടില്ല. ഇതിനാൽ ചെറുവാഹനങ്ങളും കാൽനടക്കാരും ദേശീയപാതയെ ആശ്രയിക്കേണ്ടി വരുന്നു. പലയിടത്തും മതിയായ തെരുവുവിളക്കുകളില്ല. സുരക്ഷാ മുന്നറിയിപ്പുകളുടെ അഭാവവും അപകടം വർധിപ്പിക്കുന്നു. മിക്കയിടത്തും സർവീസ് റോഡ് താഴ്‌ന്നും ദേശീയപാത ഉയർന്നുമാണ്‌. അതിനാൽ ദേശീയപാതയിൽ അപകടമുണ്ടായാൽ വാഹനങ്ങളും യാത്രക്കാരും തെറിച്ച് സർവീസ് റോഡിലേക്ക്‌ വീഴും. ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ചുകയറുന്നത് തടയാൻ സ്ഥാപിക്കേണ്ട റിഫ്ലക്ടറുകളുടെയും മുന്നറിയിപ്പ് ബോർഡുകളും പലയിടത്തുമില്ല. കഴിഞ്ഞ ദിവസം ഊർപ്പഴശിക്കാവിനുസമീപം ദേശീയ പാതയിൽ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരനായ വ്ലോഗർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. കാർ നിയന്ത്രണംവിട്ട്‌ ഡിവൈഡറിൽ തട്ടിയതിനുശേഷം സ്‌കൂട്ടറിനെ ഇടിച്ച് സ്‌കൂട്ടർ സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. വികസിതമായ ദേശീയപാത നാടിന്റെ പുരോഗതിയെ അടയാളപ്പെടുത്തുമ്പോൾ ആ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്‌ക്കും കൂടുതൽ ഉ‍ൗന്നൽ നൽകാം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home