സംഘടനാ പ്രവർത്തകനാക്കിയത് ബ്രണ്ണൻ: പിണറായി

ധർമടം ബ്രണ്ണൻ കോളേജാണ് തന്നെ സംഘടനാ പ്രവർത്തകനാക്കിയതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ബ്രണ്ണനിൽ ഡിഗ്രി വിദ്യാർഥിയായി എത്തിയതോടെയാണ് സംഘടനാ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നതെന്ന് ബ്രണ്ണൻ കോളേജ് പൂർവ വിദ്യാർഥികളുടെ ‘ബ്രണ്ണൻ അല’ സുവനീർ പ്രകാശിപ്പിച്ച് അദ്ദേഹം പറഞ്ഞു. പഠിക്കുന്ന കാലത്ത് പ്രിൻസിപ്പൽ രക്ഷിതാവിനെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞ കാര്യവും പിണറായി അനുസ്മരിച്ചു. ഏട്ടനെയും കൂട്ടിയാണ് കോളേജിലെത്തിയത്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ് തന്നെക്കുറിച്ച് പ്രിൻസിപ്പൽ പരാതി പറഞ്ഞത്. രാഷ്ട്രീയ പ്രവർത്തനം അനുവദിച്ചുകൊടുത്തതാണെന്ന് പറഞ്ഞിട്ടാണ് ഏട്ടൻ മടങ്ങിയത്. പൂർവ വിദ്യാർഥി സംഘടനകൾക്ക് കോളേജിന്റെ സമഗ്രവികസനത്തിന് സക്രിയമായി ഇടപെടാൻ കഴിയുമെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജെന്നും പിണറായി പറഞ്ഞു. കോളേജ് ശതോത്തര ഹാളിൽ നടന്ന പരിപാടിയിൽ സാഹിത്യകാരി എസ് സിത്താരയ്ക്ക് സുവനീർ നൽകിയായിരുന്നു പ്രകാശനം. മുൻ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഒ സി അലോഷ്യസ്, ധർമടം പഞ്ചായത്ത് പ്രസിഡന്റ് ബി ഗീതമ്മ, സി എൻ ചന്ദ്രൻ, വി എ നാരായണൻ, അജയൻ മീനോത്ത്, പുത്തൂർ മുസ്തഫ, കോളേജ് യൂണിയൻ ചെയർമാൻ അമൽ ബാബു, വി പ്രദീപൻ, എൻ ആർ മായൻ, പി കെ രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ഡോ. എ വത്സലൻ സ്വാഗതവും ഡോ. കെ പി മഞ്ജുള നന്ദിയും പറഞ്ഞു. വയലാർ അവാർഡ് നേടിയ ബ്രണ്ണനിലെ അധ്യാപിക ആർ രാജശ്രീയെ അനുമോദിക്കുന്ന പ്രമേയം വി കെ സുരേഷ് ബാബു അവതരിപ്പിച്ചു. സുവനീർ രൂപകൽപ്പന ചെയ്ത എ കെ ഷാഗിക്ക് ഉപഹാരം സമ്മാനിച്ചു. ബ്രണ്ണൻ അല സീസൺ 2 രൂപരേഖ ടി അനിൽ അവതരിപ്പിച്ചു. എ എൻ ഷംസീർ ചെയർമാനും പി ഷിജിൻ ജനറൽ കൺവീനറുമായി 101 അംഗ ‘ബ്രണ്ണൻ അല സീസൺ –2’ സംഘാടക സമിതിയും രൂപീകരിച്ചു.









0 comments