ഓസ്കർ വോട്ടിങ്: കമൽ ഹാസൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് ഏഴ് പേർക്ക് ക്ഷണം

PHOTO CREDIT: FACEBOOK
ചെന്നൈ: ഓസ്കർ വോട്ടിങ്ങിന് കമൽ ഹാസൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് ഏഴ് പേർക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകിവരുന്ന ഓസ്കർ അവാർഡുകൾ നിർണയിക്കുന്ന വോട്ടിങ് പ്രക്രിയയിലേക്ക് കമൽ ഹാസനെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം. സിനിമാ മേഖലയിലെ മികച്ച നേട്ടങ്ങൾ പ്രകടിപ്പിച്ച കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, എക്സിക്യൂട്ടീവുകൾ എന്നിവരുൾപ്പെടെ ആകെ 534 ആളുകളെയാണ് ഈ വർഷം അക്കാദമി ക്ഷണിച്ചിരിക്കുന്നത്. ഇതിൽ നടന്മാർ എന്ന വിഭാഗത്തിലാണ് കമൽഹാസനെ തെരഞ്ഞെടുത്തിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ വിക്രം, നായകൻ എന്നീ ചിത്രങ്ങളുൾപ്പെടെയുള്ള സംഭാവനകൾ പരിഗണിച്ചാണ് ക്ഷണം ലഭിച്ചത്.
ഓസ്കർ അക്കാദമി ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ അഭിനേതാവാണ് കമൽഹാസൻ. 2022ൽ തമിഴ് നടൻ സൂര്യയ്ക്ക് അക്കാദമിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ ഇന്ത്യൻ സിനിമ വ്യക്തമായ സ്ഥാനം അടിവരയിടുന്നതായാണ് ഓസ്കർ ക്ഷണത്തിലൂടെ മനസിലാകുന്നത്. നേരിട്ടുള്ള അപേക്ഷ വഴി അക്കാദമിയുടെ അംഗത്വ പ്രക്രിയയിൽ ഉൾപ്പെടാനാകില്ല. പകരം, അക്കാദമിയിൽ നിലവിലുള്ള രണ്ട് അംഗങ്ങൾ അതേ വിഭാഗത്തിലുള്ള വ്യക്തികളെ നാമനിർദ്ദേശം ചെയ്യും. ഓസ്‌കറിനുള്ള നോമിനികളെയും നാമനിർദ്ദേശം ചെയ്യുന്ന വർഷത്തിൽ അംഗത്വത്തിനായി പരിഗണിക്കും.
2025 ലെ ക്ഷണിതാക്കളുടെ വിഭാഗത്തിൽ 41ശതമാനം സ്ത്രീകളാണ്. 45 ശതമാനം വ്യക്തികളും പ്രാതിനിധ്യം കുറഞ്ഞ ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ്. 55 ശതമാനം പേർ അമേരിക്കയ്ക്ക് പുറത്തുള്ള 60 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈ വർഷത്തെ ഇന്ത്യൻ പ്രതിനിധികളിൽ കമൽഹാസനെ കൂടാതെ അന്ധാദുൻ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ആയുഷ്മാൻ ഖുറാന, സംവിധായിക പായൽ കപാഡിയ, ഡോക്യുമെന്ററി സംവിധായിക സ്മൃതി മുദ്ര, മാക്സിമ ബസു(വസ്ത്രാലങ്കാരം), രണബീർ ദാസ് (ഛായാഗ്രാഹകൻ), നന്ദിനി ശ്രീകെന്ത്(കാസ്റ്റിംഗ് ഡയറക്ടർ) എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
ഗില്ലിയൻ ആൻഡേഴ്‌സൺ, അരിയാന ഗ്രാൻഡെ, സെബാസ്റ്റ്യൻ സ്റ്റാൻ, ജേസൺ മൊമോവ, ജെറമി സ്ട്രോങ് തുടങ്ങിയ അന്താരാഷ്ട്ര പ്രതിഭകളും ഈ വർഷത്തെ ക്ഷണിതാക്കളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2026 ലെ ഓസ്‌കർ അവാർഡ് ദാന ചടങ്ങ് മാർച്ച് 15 നാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഹാസ്യനടൻ കോനൻ ഒബ്രയാനാണ് അവതാരകൻ. അന്തിമ നോമിനേഷനുകൾക്കായുള്ള വോട്ടെടുപ്പ് ജനുവരി 12 മുതൽ 16 വരെ നടക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ ജനുവരി 22 ന് പ്രഖ്യാപിക്കും.









0 comments