ഒരു റീലിന് 76 ലക്ഷം; പണം തന്നാൽ ഞാൻ നിങ്ങളുടെ 'ഉറ്റസുഹൃത്താകും': വരുമാന രഹസ്യം വെളിപ്പെടുത്തി 'ഓറി'

മുംബൈ: സോഷ്യൽ മീഡിയയിലെ ജനപ്രിയ താരം ഓർഹാൻ അവത്രാമണി എന്ന 'ഓറി' തന്റെ വരുമാന സ്രോതസ്സുകളെക്കുറിച്ചും ബിസിനസ്സ് മോഡലിനെക്കുറിച്ചും വെളിപ്പെടുത്തിയ വിവരങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ തരംഗമാകുന്നത്. ഒരു മാധ്യമത്തിന് നൽകിയ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് താൻ ലക്ഷങ്ങൾ സമ്പാദിക്കുന്ന രീതികളെക്കുറിച്ച് ഓറി തുറന്നുപറഞ്ഞത്.
കഴിഞ്ഞ മാസം ഒരൊറ്റ ഇൻസ്റ്റാഗ്രാം റീലിൽ നിന്ന് മാത്രം തനിക്ക് 76 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് ഓറി വെളിപ്പെടുത്തി. കേൾവിക്കാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
എന്താണ് 'പെയ്ഡ് ഫ്രണ്ട്ഷിപ്പ്'?
തന്റെ പ്രധാന വരുമാന മാർഗം വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതും 'പെയ്ഡ് ഫ്രണ്ട്ഷിപ്പ്' ആണെന്നും ഓറി വ്യക്തമാക്കുന്നു. പണം നൽകിയാൽ ആർക്കും തന്നെ വിവിധ സാമൂഹിക ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കാമെന്നാണ് ഓറിയുടെ വാദം.
"15 മുതൽ 25 ലക്ഷം രൂപ വരെ നൽകിയാൽ എന്നെ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഒപ്പം കൂട്ടാം. ഞാൻ നിങ്ങളുടെ വിവാഹത്തിനോ ജന്മദിനാഘോഷത്തിനോ വരും. നമ്മൾ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരാണെന്ന രീതിയിൽ അവിടെ വന്ന് പ്രസംഗിക്കും. നിങ്ങളോടൊപ്പം സമയം ചെലവഴിക്കും. നിങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് ഷോട്ടുകൾ അടിക്കും. പണം നൽകി വാങ്ങാൻ കഴിയുന്ന ഒരു അനുഭവമാണിത്," ഓറി പറഞ്ഞു.
തന്റെ ഫിനാൻസ് ഇപ്പോഴും നിയന്ത്രിക്കുന്നത് മാതാപിതാക്കളാണെന്നും ഓറി പറഞ്ഞു. ഇന്ത്യയിൽ രണ്ടുപേരുടെ പോസുകൾ മാത്രമാണ് പ്രശസ്തമെന്നും അതിലൊന്ന് ഷാറൂഖിന്റേതും ഒന്ന് തന്റേതുമാണെന്നാണ് ഓറി അഭിമുഖത്തിൽ അവകാശപ്പെടുന്നത്. കോർപ്പറേറ്റ് ജോലി ചെയ്യുന്നവർ വർഷം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കുന്നതിനേക്കാൾ കൂടുതൽ തുക ഓറി ഒറ്റ പരിപാടിയിലൂടെ ഉണ്ടാക്കുന്നുണ്ടല്ലോ എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
'ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് അവനെ വെറുക്കാം, പക്ഷേ പേഴ്‌സണൽ ബ്രാൻഡിങിന്റെ വേറെ ലെവൽ കേസ് സ്റ്റഡിയാണ് അവൻ. ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നുമില്ലായ്മയിൽ നിന്ന് അവൻ ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുത്തു. ഇതൊക്കെ എങ്ങനെയാണ് അവൻ ശൂന്യതയിൽ നിന്ന് കെട്ടിപ്പടുത്തത് എന്ന് കേൾക്കാൻ എനിക്ക് വലിയ താല്പര്യമുണ്ട്.' എന്നാണ് ഒരാൾ കുറിച്ചത്.
കോർപ്പറേറ്റ് ജോലി ചെയ്യുന്ന ചിലർ ഒരു വർഷം കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ഓറി ഒറ്റ പെയ്ഡ് ഇവന്റിലൂടെ ഉണ്ടാക്കുന്നത്.' മറ്റൊരാൾ കുറിച്ചു.
'ആളുകൾ എന്ത് വിചാരിക്കുന്നു എന്ന് എനിക്ക് പ്രശ്നമല്ല, പക്ഷേ ബിസിനസ്സ് എങ്ങനെ ചെയ്യണമെന്ന് അവന് കൃത്യമായി അറിയാം.' എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.










0 comments