മദ്യപാനത്തിനിടെ തർക്കം; തലശ്ശേരിയിൽ 55 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

പ്രതീകാത്മക ചിത്രം
കണ്ണൂർ: തലശ്ശേരിയിൽ 55 വയസുകാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. കൂത്തുപറമ്പ് സ്വദേശി നാസറാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഉച്ചയോടെയായിരുന്നു ആക്രമണം നടന്നത്. മദ്യപാനത്തിനിടെയായിരുന്നു ആക്രമണം.
സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗത്ത് നാസറും പ്രതിയായ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഷാഹിദും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമായി. ഇതോടെ ഷാഹിദ് കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവത്തിൽ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി നാസറിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.









0 comments