ad
Deshabhimani

"അമ്മ ഇവിടെ വേണമെന്നുണ്ടായിരുന്നു, പക്ഷേ വിസയ്ക്കുള്ള പണം കണ്ടെത്താനായില്ല"; കേപ് വെർദെയുടെ സൂപ്പർ ഹീറോ പറയുന്നു

Vozinha

വൊസീന്യ

വെബ് ഡെസ്ക്

Published on Jun 16, 2026, 06:33 PM | 2 min read

അറ്റ്ലാന്റ: സ്‌പാനിഷ്‌ കൊടുങ്കാറ്റിൽ കേപ്‌ വെർദെയന്ന കുഞ്ഞൻ രാജ്യത്തെ കാത്തത്‌ വൊസീന്യയുടെ കരുത്തുറ്റ കൈകളാണ്. സ്‌പെയ്‌ൻ മുന്നേറ്റക്കാർ കേപ്‌ വെർദെയുടെ പ്രതിരോധം തകർത്തപ്പോഴെല്ലാം ഗോൾകീപ്പർ കോട്ടകെട്ടി നെഞ്ചുവിരിച്ച്‌ നിന്നു. ഗോളെന്നുറച്ച്‌ സ്‌പെയ്‌ൻ ആരാധകർ എഴുന്നേറ്റ്‌ നിന്ന നിമിഷങ്ങളിൽ രക്ഷകനായി.


പലപ്പോഴും സ്‌പെയ്‌നും വൊസീന്യയും തമ്മിലുള്ള പോരിനാണ്‌ അറ്റ്‌ലാന്റ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. ഗോളെന്നുറച്ച ഏഴ്‌ ഷോട്ടുകളാണ്‌ നാൽപ്പതുകാരൻ രക്ഷപ്പെടുത്തിയത്‌. പോർച്ചുഗൽ രണ്ടാം ഡിവിഷൻ ക്ലബായ ഷാവേസിന്റെ താരമാണ്‌. 2012 മുതൽ ദേശീയകുപ്പായത്തിലുണ്ട്‌.





ലോകകപ്പ് ഫുട്ബോളിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനു പുറകെ ഒന്നായി ഏഴ് കിടിലൻ സേവുകളിലൂടെ സ്പെയിന്റെ വമ്പൻ താരനിരയെ ഗോൾരഹിത സമനിലയിൽ (0-0) തളച്ചിടാൻ വൊസീന്യയ്ക്ക് കഴിഞ്ഞു. ബോൾ പൊസഷനിലും കളിയിലും പൂർണ്ണ ആധിപത്യം പുലർത്തുകയും 27 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തിട്ടും ഗോൾ നേടാനാകാതെ സ്പാനിഷ് ടീമും ആരാധകരും നിരാശയിലായപ്പോൾ, ഈ വെറ്ററൻ കീപ്പർ മൈതാനത്ത് ഉടനീളം രക്ഷകനായി നിലകൊണ്ടു. രണ്ടാം പകുതിയിൽ യുവ സൂപ്പർ താരം ലമീൻ യമാൽ കളത്തിലിറങ്ങിയിട്ട് പോലും വൊസീന്യയെയും കേപ് വെർദെയുടെ പ്രതിരോധക്കോട്ടയെയും ഭേദിക്കാൻ സ്പെയിന് സാധിച്ചില്ല.


മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ, വൊസീന്യ തന്റെ ഗോൾപോസ്റ്റിന് സമീപമിരുന്ന് പൊട്ടിക്കരഞ്ഞു. പിന്നാലെ സഹതാരങ്ങൾ ഓടിയെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ, 2010ലെ ചാമ്പ്യന്മാരും ഇത്തവണത്തെ ടൂർണമെന്റിലെ കിരീടപ്രതീക്ഷ പുലർത്തുകയും ചെയ്യുന്ന സ്പെയിനിൽ നിന്ന് ഒരു പോയിന്റ് സ്വന്തമാക്കാൻ കേപ് വെർദെയ്ക്ക് കഴിഞ്ഞു.


തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം കാണാൻ നേരിട്ടെത്താൻ കഴിയാതെ പോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകളാണ് തന്നെ വികാരാധീനനാക്കിയതെന്ന് വൊസീന്യ പറഞ്ഞു; തന്നെ വളർത്തിയ മുത്തശ്ശനും മുത്തശ്ശിയും ഏതാനും വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടിരുന്നു. എന്നാൽ അമ്മയ്ക്കാകട്ടെ, യുഎസിലേക്ക് കടക്കാനുള്ള വിസയ്ക്ക് ആവശ്യമായ പണം കൃത്യസമയത്ത് സമാഹരിക്കാൻ കഴിഞ്ഞില്ലെന്ന് വൊസീന്യ പറഞ്ഞു.





യു എസ് വിസ ലഭിക്കാൻ 15,000 ഡോളർ വരെ ബോണ്ട് തുക നൽകേണ്ടി വരുന്ന 50 രാജ്യങ്ങളുടെ പട്ടികയിലാണ് കേപ് വെർദെ ഉൾപ്പെടുന്നത്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമാണിത്.


804 പാസുകളും 27 ഷോട്ടുകളും തൊടുന്ന സ്പാനിഷ് നിരയെ സമനിലയിൽ തളച്ചത് വൊസീന്യയുടെ തീപാറുന്ന പ്രകടനമായിരുന്നു. തന്റെ 25-ാം വയസ്സിൽ അംഗോളൻ ക്ലബ്ബായ പ്രോഗ്രെസോയ്ക്ക് വേണ്ടി കളിച്ച് പ്രൊഫഷണൽ കരിയർ വൈകി മാത്രം ആരംഭിച്ച വൊസീന്യയുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഈ പ്രകടനം. അതിനുശേഷം മോൾഡോവ, സൈപ്രസ്, സ്ലൊവാക്യ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകളിൽ അദ്ദേഹം കളിച്ചു. നിലവിൽ പോർച്ചുഗലിലെ ക്ലബ്ബായ ചാവേസിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.


തീപാറുന്ന പ്രകടനത്തിന് പിന്നാലെ സോഷ്യൽമീഡിയയിലും വൊസീന്യ താരമായി. മത്സരം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വൊസീന്യയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 50,000ൽ നിന്ന് 7 മില്യണിലേക്ക് കുതിച്ചുകയറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home