ഇന്തോനേഷ്യയിൽ ഭൂചലനം; 6.7 തീവ്രത: റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു

ജക്കാർത്ത : ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എട്ട് വർഷം മുമ്പ് ഭൂകമ്പവും സുനാമിയും തകർത്ത ദ്വീപാണ് സുലവേസി. ഭൂകമ്പത്തെത്തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ശക്തമായ ഭൂചലനത്തെത്തുടർന്ന് മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലെയും പരിസരങ്ങളിലെയും തുറസ്സായ സ്ഥലങ്ങളിലേക്ക് ആളുകൾ പലായനം ചെയ്തു. സുരക്ഷാ നടപടിയായി നിരവധി ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു.
നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകളും മതിലുകളും തകർന്നു. തെരുവുകളിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
പ്രദേശത്തുള്ള ഹോട്ടലുകളിൽ നിന്ന് വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പാലുവിൽ നിന്ന് 43 കിലോമീറ്റർ തെക്കുകിഴക്കായി ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യമുണ്ടായ ചലനത്തിനു പിന്നാലെ നിരവധി തുടർചലനങ്ങൾ ഉണ്ടായി. അതിൽ ഏറ്റവും ശക്തമായ ചലനത്തിന് 5.2 തീവ്രത രേഖപ്പെടുത്തി.
സുനാമി സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. സുനാമിക്ക് സാധ്യതയില്ലെന്ന് ഇന്തോനേഷ്യയുടെ കാലാവസ്ഥാ നിരീക്ഷണ - ജിയോഫിസിക്കൽ ഏജൻസി പറഞ്ഞെങ്കിലും തുടർചലനങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ് നൽകി. 2018ലുണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാലുവിനെ തകർത്തിരുന്നു. ഭൂകമ്പം സുനാമിത്തിരകൾക്കും മണ്ണിടിച്ചിലിനും കാരണമായി. 4,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. പ്രദേശത്തിന്റെ ഏറിയ പങ്കും മണ്ണിനടിയിലായി. 2021 ജനുവരിയിൽ, സുലവേസി ദ്വീപിലെ മാമുജു നഗരത്തിന് സമീപം 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 100 പേർ കൊല്ലപ്പെട്ടിരുന്നു.









0 comments