ad
Deshabhimani

മൺസൂൺ വഴിതെറ്റിയോ, ജൂണിൽ പെയ്ത മഴയിൽ 64 ശതമാനം കുറവ്

rain 26
വെബ് ഡെസ്ക്

Published on Jun 16, 2026, 06:20 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയിട്ട് മാസം പകുതി പിന്നിട്ടു. എന്നിട്ടും മഴ പെയ്യാതെ മാറി നിൽക്കുന്ന സാഹചര്യമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട ആകെ മഴയിൽ 64 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയത്ത് രാജ്യം മുഴുവൻ വ്യാപിച്ച് സജീവമാകേണ്ട കാലവർഷം നിലവിൽ അതീവ ദുർബലമാണ്.

രാജ്യത്തെ പ്രധാന ജലസംഭരണികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നു നിൽക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷക്കാറ്റിനെ കരയിലേക്ക് നയിക്കാൻ പാകത്തിലുള്ള ശക്തമായ ന്യൂനമർദങ്ങളോ അന്തരീക്ഷ ചുഴലികളോ രൂപപ്പെടാത്തതാണ് മഴയുടെ വ്യാപനത്തെ മന്ദീഭവിപ്പിച്ചിട്ടുള്ളത്.


ഇന്ത്യയിലെ പ്രധാന കാർഷിക സീസണായ 'ഖരീഫ്' വിളക്കാലമാണ്. ഈ സമയത്ത് നെല്ല്, പരുത്തി, പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ വിതയ്ക്കുന്നത് മഴയെ ആശ്രയിച്ചാണ്. മൺസൂൺ മഴയെ പ്രതീക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് കർഷകർ ആശങ്കയിലാണ്.


ആഗോളതലത്തിലുണ്ടാകുന്ന താപനില വ്യതിയാനങ്ങളും പസഫിക് സമുദ്രത്തിലെ മാറ്റങ്ങളും ഇന്ത്യൻ മാൻസൂണിന്റെ സ്വാഭാവിക ഗതിയെ തടസ്സപ്പെടുത്തിയതായി പഠനങ്ങൾ ഉണ്ടായി. കഴിഞ്ഞ വര്‍ഷവും ഇതേ സാഹചര്യം തുടര്‍ന്നു. മഴയുടെ പെയ്യൽ കാലയളവ് കുറയുകയും പകരം ശക്തി കൂടുകയും ചെയ്തു. ഇത് ദുരന്തകാരിയായ മാറ്റമായി വിലയിരുത്തപ്പെട്ടു.


ജൂണിൽ പെയ്തതും പ്രതീക്ഷകളും


ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം, ജൂൺ നാലിനും ജൂൺ 15-നും ഇടയിൽ സാധാരണ ലഭിക്കേണ്ട 53.7 മില്ലീമീറ്റർ മഴയുടെ സ്ഥാനത്ത് ലഭിച്ചത് 19.2 മില്ലീമീറ്റർ മഴ മാത്രമാണ്. രാജ്യത്തുടനീളം 64 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.


ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളുടെ അഭാവം കാണിക്കുന്നതായാണ് നിരീക്ഷണ ഉപഗ്രഹ ഡാറ്റകൾ പറയുന്നത്. ഹിമാലയൻ പ്രദേശം, വടക്കുകിഴക്കൻ ഇന്ത്യ, ഇൻഡോ-ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് കാര്യമായി മേഘങ്ങളുള്ളത്. അറബിക്കടൽ വഴിയുള്ള കാലവർഷവും ദുർബലമാണ്.


അന്തരീക്ഷത്തിന്റെ മുകൾഭാഗത്തുള്ള പടിഞ്ഞാറൻ ജെറ്റ് സ്ട്രീം എന്ന വായൂപ്രവാഹം സാധാരണയേക്കാൾ തെക്കോട്ട് മാറിയതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നമായി പറയുന്നത്. ഇത് ഇന്ത്യയിലെ കാലവർഷം നിലനിർത്താൻ സഹായിക്കുന്ന കിഴക്കൻ ജെറ്റ് സ്ട്രീമിനെ തടസ്സപ്പെടുത്തുന്നു. കിഴക്കൻ ജെറ്റ് സ്ട്രീം മഴമേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്നവയാണ്. ഇപ്പോൾ പടിഞ്ഞാറൻ കാറ്റുകൾ ശക്തമായത് മേഘങ്ങൾ രൂപപ്പെടുന്നതിനെ തടയുകയും മഴ കുറയ്ക്കുകയും ചെയ്യുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷക്കാറ്റിനെ കരയിലേക്ക് നയിക്കാൻ പാകത്തിലുള്ള ശക്തമായ ന്യൂനമർദങ്ങളോ അന്തരീക്ഷ ചുഴലികളോ രൂപപ്പെട്ടിട്ടില്ല.


കാറ്റ് അനുകൂലമാകുമോ


നിലവിലെ സാഹചര്യം ആശങ്കാജനകമാണെങ്കിലും വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ അവസാന വാരത്തോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കാലവർഷം വീണ്ടും സജീവമാകാൻ സഹായിച്ചേക്കും എന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ബുള്ളറ്റിനിൽ പറയുന്നു.



Related News


എങ്കിലും, ജൂൺ 15 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ രാജ്യത്ത് കാലവർഷം മൊത്തത്തിൽ ദുർബലമായിരിക്കുമെന്നാണ് വെതർ മോഡലുകൾ സൂചിപ്പിക്കുന്നത്. ജൂൺ 23-ഓടെ മാത്രമേ മഴയുടെ അളവിൽ കാര്യമായ പുരോഗതി ഉണ്ടാകൂ. മൺസൂൺ കാറ്റുകൾ ഭൂപടത്തിൽ വടക്കോട്ട് നീങ്ങുന്നുണ്ടെങ്കിലും (Monsoon Advancement), വ്യാപകമായി മഴ പെയ്യിക്കാനുള്ള അന്തരീക്ഷ സാഹചര്യം (Monsoon Activity) നിലവിൽ രാജ്യത്ത് അതീവ ദുർബലമാണ്. അടുത്ത 4-5 ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയുടെ കൂടുതൽ ഭാഗങ്ങൾ, കർണാടകയുടെ അവശേഷിക്കുന്ന പ്രദേശങ്ങൾ, തെലങ്കാന, ഒഡീഷ, ഝാർഖണ്ഡ്, ബിഹാർ, ഛത്തീസ്ഗഢ് എന്നിവടങ്ങളിലേക്ക് കാലവർഷം എത്തും. എന്നാൽ ഇത് സാങ്കേതികമാണ്.


സാങ്കേതികമായി കാലവർഷം മുന്നേറുന്നു എന്നു പറയാം. കിഴക്കൻ ഇന്ത്യയിൽ മഴ നൽകുന്ന അന്തരീക്ഷ സംവിധാനം അസാധാരണമാംവിധം ദുർബലമാണ്. ഇത് നിലവിലുള്ള മഴക്കുറവ് നിലവിലെ സാഹചര്യത്തിൽ കൂടുതൽ വർദ്ധിപ്പിക്കുമെന്നും നിരീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷവും ജൂൺ അവസാനം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. കർണാടകയുടെ ഉൾപ്രദേശങ്ങൾ, ആന്ധ്ര-കർണാടക അതിർത്തി, തെക്കൻ തമിഴ്‌നാട്, കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ എന്നിവടങ്ങളിൽ 22 - 28 തീയതികളോടെ ഇടിമിന്നലോട് കൂടിയ മഴ ശക്തമാകും.

കേരളം, കർണാടക സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിലും മുംബൈ വരെയുള്ള തീരമേഖലകളിലും മഴയുടെ അളവ് വർദ്ധിക്കും. എങ്കിലും, ഈ ഘട്ടത്തിലും അതിശക്തമായ മൺസൂൺ മഴയ്ക്ക് സാധ്യത കാണുന്നില്ലെന്നാണ് നിലവിലെ പ്രവചനം.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home