Deshabhimani

print edition ക്രാന്തിവീറിൽ കണ്ടത്‌ മരണഭീതിയില്ലാത്ത അഭിനയവീര്യം

Padekkar
വെബ് ഡെസ്ക്

Published on Oct 09, 2026, 01:36 AM | 2 min read

"മെഹുൽ, ഞാൻ മരിച്ചാൽ ക്ലൈമാക്‌സ്‌ മാത്രമല്ല, ഇ‍ൗ സിനിമതന്നെ പൂർത്തിയാകില്ല’ –ക്രാന്തിവീർ സംവിധായകൻ മെഹുൽ കുമാറിനോട്‌ നാനാ പടേക്കർ പറഞ്ഞു. മികച്ച കഥാപാത്രത്തിനായി ഒരു നടന്റെ ആത്മസമർപ്പണത്തിന്റെ ഏറ്റവും മികച്ച മാതൃകയായിരുന്നു അത്‌. 1994ൽ പുറത്തിറങ്ങിയ ക്രാന്തിവീറിലെ ഉജ്വല അഭിനയത്തിനാണ്‌ നാനാ പടേക്കർ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്‌. 1989ലും (പരിന്ദ) 1996ലും (ഖാമോഷി) മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും പടേക്കർ നേടി.

​

മുംബൈ ഫിലിം സിറ്റിയിലാണ്‌ ക്രാന്തിവീർ ക്ലൈമാക്‌സ്‌ ചിത്രീകരിച്ചത്. അതിനായി അവിടെ നാനാ പടേക്കർ എത്തുകയും, അദ്ദേഹത്തിന്റെ പ്രശസ്‌തമായ ‘ആഗയേ മേhttps://www.deshabhimani.com/News/national/nana-patekar-naam-foundation-hj1രി മൗത് കാ തമാശ ദേഖ്‌നേ' (നിങ്ങൾ എന്റെ മരണത്തിന്റെ തമാശ കാണാൻ വന്നിരിക്കുകയാണോ) എന്ന ഡയലോഗുള്ള രംഗം ചിത്രീകരിക്കാൻ സർവസന്നാഹവും ഒരുക്കുകയും ചെയ്‌തു.


എന്നാൽ, ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ നാനാവതി മാക്‌സ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ സംവിധായകൻ ആരോഗ്യം വീണ്ടെടുത്തശേഷം മാത്രം ക്ലൈമാക്‌സ്‌ ചിത്രീകരിച്ചാൽ മതിയെന്ന് പറഞ്ഞപ്പോഴാണ്‌ മുകളിലെ പ്രതികരണം പടേക്കർ നടത്തിയത്‌. മികച്ചൊരു കഥാപാത്രത്തിനായി ഏതറ്റംവരെയുംപോകാൻ തയ്യാറുള്ള യഥാർഥ നടനെയാണ്‌ ആ മറുപടിയിൽ സംവിധായകൻ കണ്ടത്‌. മെഹുൽ എത്ര പറഞ്ഞിട്ടും പടേക്കർ വഴങ്ങിയില്ല.


ജീവൻ അപകടത്തിലാകാവുന്ന ദശാസന്ധിയിലാണ്‌ ആ നടൻ ഉറച്ച തീരുമാനമെടുത്ത്‌ ചിത്രീകരണം പൂർത്തിയാക്കാനെത്തിയത്‌.

ആംബുലൻസിലെത്തിയ നാനാ പടേക്കറിനെ പരിചരിക്കാൻ ഡോക്‌ടറെയും എത്തിച്ചു. നാല്‌ കാമറ നാല്‌ സ്ഥലത്തുവച്ചാണ്‌ ക്ലൈമാക്‌സ്‌ രംഗം ചിത്രീകരിച്ചത്‌. ഒരേ രക്തമുള്ള മനുഷ്യരെ എങ്ങിനെ ഹിന്ദുവെന്നും മുസ്ലിമെന്നും വേർതിരിക്കുമെന്ന പടേക്കറുടെ ഡയലോഗും ക്ലൈമാക്‌സിന്‌ ഗാംഭീര്യമേകി.


ഇത്‌ സ്‌ക്രിപ്‌റ്റിലില്ലാത്തതാണെന്നും ആ സമയത്ത്‌ പടേക്കർ സ്വന്തമായി പറഞ്ഞ്‌ അവതരിപ്പിച്ചതാണെന്നും സംവിധായകൻ പിന്നീട്‌ വെളിപ്പെടുത്തി. ആ സമർപ്പണം വെറുതെയായില്ല. ആ വർഷത്തെ ദേശീയ പുരസ്‌കാരത്തിന്‌ മികച്ച നടനെ കണ്ടെത്താൻ അവാർഡ്‌ ജൂറിക്ക്‌ തലപുകയ്‌ക്കേണ്ടിവന്നില്ല.

​

ബാബറി മസ്‌ജിദ്‌ തകർത്തതിനെ തുടർന്ന്‌ ബോംബെയിലുണ്ടായ വർഗീയ കലാപമാണ്‌ സിനിമയ്‌ക്ക്‌ ആധാരം. സ്വാതന്ത്ര്യസമര സേനാനിയായ ഭീഷ്‌മനാരായണ തിലകിന്റെ ചെറുമകനായ പ്രതാപ് തിലക് എന്ന കഥാപാത്രത്തെയാണ്‌ പടേക്കർ അവതരിപ്പിച്ചത്‌. അഴിമതിക്കാരായ മന്ത്രിമാരെയും ജഡ്‌ജിയെയും പൊലീസ് ഉദ്യോഗസ്ഥനെയും പ്രതാപ് കൊല്ലുന്നു.


കോടതിയിൽ വിചാരണ ചെയ്‌ത്‌ വധശിക്ഷയ്‌ക്ക്‌ വിധിക്കുന്നു. പരസ്യമായി തൂക്കിലേറ്റുമ്പോൾ, അവരെല്ലാം ഭീരുക്കളാണെന്നും താൻ മരിക്കാൻ തയ്യാറാണെന്നും അയാൾ കാണികളോട് പറയുന്നു. ക്ഷുഭിതയ‍ൗവനത്തിന്റെ നിറഞ്ഞാട്ടമാണ്‌ വെള്ളിത്തിരയിൽ പടേക്കർ പുറത്തെടുത്തത്‌. അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും വർഗീയവിഭജനത്തിനും എതിരെ രാജ്യമെങ്ങും ജനരോഷം വളരുന്പോൾ ഇ‍ൗ ചിത്രത്തിലെ നാനാ പടേക്കറിന്റെ ഡയലോഗുകൾ വീണ്ടും കൈയടി നേടുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home