ത്രിലോക സുന്ദരിയല്ല; സുന്ദരൻ

ആരതി ബി എസ്
Published on Jul 27, 2025, 11:08 AM | 2 min read
രണ്ട് മിനിറ്റ് മാത്രമുള്ള പരസ്യ ചിത്രം. സിനിമ ട്രെയിലറിന് കിട്ടുന്നതിനേക്കാൾ സ്വീകാര്യത. ദിവസങ്ങൾക്കുള്ളിൽ മില്യൺ കാഴ്ചക്കാർ. ഒരു ജ്വല്ലറിയുടെ പരസ്യം മലയാളിയുടെ സമൂഹമാധ്യമ, പൊതുചർച്ചാവേദികൾ കീഴടക്കിയ കാഴ്ച. വെറുമൊരു പരസ്യമായി ഒതുങ്ങേണ്ടിയിരുന്നിടത്തുനിന്ന് ഫാഷനിലും ജീവിതചര്യകളിലുമുള്ള ജെൻഡർ ചിന്താധാരകളെ മാറ്റി മറിച്ചു എന്നതാണ് ആ കൊച്ചു വലിയ പരസ്യചിത്രത്തിന്റെ പ്രസക്തി.
പട്ടുവസ്ത്രം അണിഞ്ഞ് സർവാഭരണ ഭൂഷിതരായി പാട്ടിന്റെ അകമ്പടിയിൽ വരുന്ന സ്ത്രീകൾ. അണിയുന്ന ആഭരണങ്ങളിലൂടെ സൗന്ദര്യം അളന്നുകുറിക്കുന്ന ബോധം. സ്ഥിരം കാണുന്ന ഇത്തരം പരസ്യങ്ങളിലൂടെ സമൂഹത്തിൽ അടിയുറച്ച ഒരു വിശ്വാസമുണ്ട്. ‘പെണ്ണായാൽ പൊന്നു വേണം’. അവിടന്ന് വേണോ എന്ന് നമ്മൾ മാറി ചിന്തിച്ചതും മാറ്റങ്ങൾ ഉണ്ടായതും ഇപ്പോഴും ഉണ്ടാക്കുന്നതും കാലത്തിന്റെ ആവശ്യക്ത. എന്നാൽ, ഇത്തരം പരസ്യങ്ങളിലെ പുരുഷന്മാരുടെ റോൾ എന്തായിരുന്നു. പല പ്രമുഖ നടന്മാരും ആഭരണ പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. അമ്മയും മകളും ഭാര്യയും സുഹൃത്തും ഒക്കെയായ സ്ത്രീകൾക്ക് ആഭരണങ്ങൾ സമ്മാനിക്കുന്നവർ, വാങ്ങി നൽകുന്നവർ അങ്ങനെ മാത്രമേ നമ്മൾ അവരെ കണ്ടിട്ടുള്ളൂ. അവിടെയാണ് ഒരു ജ്വല്ലറിക്കുവേണ്ടി മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യചിത്രം വ്യത്യസ്തമാകുന്നത്.
പരസ്യത്തിന്റെ തുടക്കത്തിൽ വണ്ടിയുടെ ഗ്ലാസിലൂടെ മോഹൻലാലിന്റെ മുഖത്തിനൊപ്പം പ്രതിഫലിക്കുന്ന സ്ത്രീ രൂപത്തിൽനിന്നുതന്നെ പ്രകാശ് വർമയിലെ ഡയറക്ടർ ബ്രില്യൻസ് കാണാം. സൂപ്പർ സ്റ്റാർ മോഹൻലാലായിത്തന്നെയാണ് ലാൽ പരസ്യത്തിൽ അഭിനയിക്കുന്നത്. സഹ അഭിനേത്രിക്ക് കൈ കൊടുക്കുമ്പോൾ ലാലിന്റെ ശ്രദ്ധ പതിയുന്നത് അവർക്ക് അണിയാനുള്ള വജ്രാഭരണങ്ങളിലാണ്. ആരും കാണാതെ അതെടുത്ത് കാരവനിലേക്ക് പോയി അണിഞ്ഞ് തന്നിലെ സ്ത്രൈണത ആസ്വദിക്കുന്ന മോഹൻലാലാണ് പിന്നെ രംഗത്ത്. കണ്ണിലും കൈവിരലുകളിലുംവരെ നിറയുന്ന സ്ത്രൈണത. ആഭരണങ്ങൾ കാണാനില്ലെന്ന് പറയാനെത്തുന്ന പ്രകാശ് വർമയെ കണ്ടതും ചിരിച്ചുകൊണ്ട് ആ ഭാവത്തിൽനിന്ന് ലാലേട്ടനായി മാറുന്ന തിരിച്ചിറക്കം. ഇതോടെ പരസ്യം അവസാനിക്കും. എന്നാൽ അത് മുന്നോട്ടുവച്ച ജെൻഡർ ഫ്ലൂയിഡിറ്റി എന്ന ആശയം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. ജീവിതകാലത്ത് ആൺ-പെൺ ലിംഗ ഘടകങ്ങൾ ഒരേസമയം പ്രകടിപ്പിക്കുന്ന ജെൻഡർ ഫ്ലൂയിഡ് ആയ മനുഷ്യനെ എത്ര മനോഹരമായാണ് ലാൽ അവതരിപ്പിച്ചത്. അതുവഴി എത്ര സൂക്ഷ്മമായാണ് മാറ്റത്തിന്റെ വാതിൽ തുറന്നത്. മനുഷ്യന്റെ ലൈംഗികത മാറിക്കൊണ്ടേയിരിക്കുന്ന ഒന്നാണെന്നും സമൂഹം കൽപ്പിച്ച അതിർവരമ്പുകൾക്ക് അതിനെ തടുക്കാനാകില്ലെന്നും ഡയലോഗുകളുടെ ഭാരമില്ലാതെ ലാൽ നമ്മളോട് പറഞ്ഞു. ആഭരണങ്ങൾ അണിഞ്ഞൊരു സ്ത്രീയെ പ്രതീക്ഷിച്ചിടത്ത് ‘‘സുന്ദരൻ... ലോകസുന്ദരൻ... തൃലോകസുന്ദരൻ...’’ എന്ന വരികൾക്കൊപ്പം ആഭരണങ്ങൾ അണിഞ്ഞെത്തുന്ന ലാൽ മലയാളിയെ ചിന്തിപ്പിക്കും എന്നതിൽ തർക്കമില്ല.
ആഭരണങ്ങൾ സ്ത്രീയുടേത് മാത്രമായും അത്തരം പരസ്യങ്ങളിൽ സ്ത്രീകൾ മതിയെന്നുമുള്ള സമൂഹബോധത്തിലേക്കാണ് മലയാളി പൗരുഷത്തിന്റെ സകല ഭാവങ്ങളും പ്രതിഫലിപ്പിച്ച മോഹൻലാൽ ചോദ്യചിഹ്നം എറിയുന്നത്. അതിൽ അസ്വസ്ഥരായവർ നിരവധി എന്നതിന് കമന്റ് ബോക്സ് തന്നെ ധാരാളം. കോമാളി, പൈസയ്‌ക്കുവേണ്ടിയുള്ള വേഷംകെട്ടൽ തുടങ്ങി മഹാനായ നടനെതിരെയുള്ള ബോഡിഷെയിമിങ് വരെ എത്തിനിൽക്കുന്നു പ്രബുദ്ധ മലയാളി. അപ്പോഴും മറുഭാഗത്ത് പുരുഷനുള്ളിലെ അടിച്ചമർത്തപ്പെട്ട വികാരങ്ങളെ ഭംഗിയായി ആവിഷ്കരിച്ച കലാകാരന് ലഭിക്കുന്ന കൈയടികൾ പ്രതീക്ഷയാണ്. വാനപ്രസ്ഥവും കമലദളവും അയാളിൽ മിന്നിമറഞ്ഞു എന്നുപോലും വിലയിരുത്തലുകളുണ്ടായി. തമാശ കലർത്തി നാഗവല്ലിയുടെ ആഭരണങ്ങൾ കട്ടതാരെന്ന് ഇപ്പോ മനസ്സിലായി എന്ന് കമന്റിട്ട വിരുതന്മാരുമുണ്ട്.
എന്നാൽ പത്ത് മാസംമുമ്പേ മറ്റൊരു സൂപ്പർ സ്റ്റാർ മാറ്റത്തിന്റെ മുന്നറിയിപ്പ് നമുക്ക് തന്നിരുന്നു. മലയാള സിനിമയുടെ പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിൽ. ജ്വല്ലറിയുടെ പരസ്യത്തിൽ മൂക്കുത്തി ഇടാൻ അമ്മ സമ്മതിക്കാത്തത് കാരണം ടെൻഷൻ ആകുന്ന ഫഹദും, ഒടുവിൽ മകന് അമ്മ മൂക്കുത്തി സമ്മാനിക്കുന്നതുമാണ് അതിലെ ആശയം.
മൂക്കുത്തി അണിഞ്ഞ പുരുഷന്മാർ നമുക്കിടയിൽ ഉള്ളപ്പോഴും പരസ്യത്തിന്റെ അവസാനഭാഗത്ത് മൂക്കുത്തി ഇട്ട് വരുന്ന ഫഹദ് ഫാസിൽ തകർത്തെറിഞ്ഞത് സ്റ്റീരിയോടൈപ്പുകളെയാണ്. വെറുമൊരു ആവിഷ്കാരത്തിനപ്പുറം ഒരു പ്രഖ്യാപനംതന്നെയായിരുന്നു രണ്ട് പരസ്യങ്ങളും. വലിയൊരു വിഭാഗത്തെ ചൊടിപ്പിക്കുമെന്നും വെറുപ്പ് ലഭിക്കുമെന്നുമുള്ള പൂർണ ബോധ്യം ഉണ്ടായിട്ടും നടത്തിയത് ധീരമായ ചുവടുവയ്പുകളാണ്. വ്യത്യസ്തതകളുടെ നാനാ തലങ്ങൾ പരീക്ഷിച്ച ലാലേട്ടനും എന്നും പുതുമകൾ തേടുന്ന ഫഹദിനും ഇത് മറ്റൊരു വിജയം. അറിഞ്ഞോ അറിയാതെയോ നെഗറ്റീവ് പുരുഷത്വം മലയാളിമനസ്സിൽ കോറിയിട്ടവർതന്നെ അതേ സമൂഹത്തിലേക്ക് പുതിയ ലോകത്തിന്റെ ആശയം പങ്കുവയ്ക്കുന്ന മനോഹര കാഴ്ച. പരസ്യത്തിന്റെ അവസാനം ലാലേട്ടൻ പറയുന്ന പോലെ ‘ആരും കൊതിച്ചു പോകും’ മാറ്റത്തിന്റെ ആ ലോകത്തിനായി.











0 comments