Deshabhimani

‘എൽ 368’; മോഹൻലാൽ – അനൂപ് സത്യൻ ചിത്രത്തിന് തുടക്കമായി

L 368
വെബ് ഡെസ്ക്

Published on Oct 30, 2026, 07:34 PM | 1 min read

കൊച്ചി : മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ‘എൽ 368’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ ചടങ്ങും കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമിക്കുന്നത്.


മോഹൻലാൽ ആദ്യ ക്ലാപ്പ് നൽകി. അണിയറപ്രവർത്തകരും അഭിനേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ‘വരനെ ആവശ്യമുണ്ട്’ എന്ന ആദ്യ ചിത്രത്തിനു ശേഷം ആറു വർഷത്തെ ഇടവേള കഴിഞ്ഞാണ് അനൂപ് സത്യൻ പുതിയ ചിത്രവുമായി എത്തുന്നത്. ഏറെ ആരാധിക്കുന്ന മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അനൂപ് പറഞ്ഞു.


ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും എല്ലാ ജോണറുകളിലൂടെയും സഞ്ചരിക്കുന്ന സിനിമയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ സത്യൻ അന്തിക്കാട്, നടൻമാരായ മുകേഷ്, ജൂഡ് ആന്തണി ജോസഫ്, ടൊവിനോ തോമസ് എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു.


ചിത്രത്തിന്റെ ഭാഗമല്ലെങ്കിലും പ്രിയപ്പെട്ടവരുടെ സംരംഭത്തിന് ആശംസകൾ അറിയിക്കാനാണ് എത്തിയതെന്ന് ടൊവിനോ പറഞ്ഞു. തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.


കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ തുടർ ചിത്രീകരണം ഇടുക്കി, മംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ ഇടങ്ങളിൽ നടക്കും. കൈതപ്രമാണ് ഗാനരചന. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ഷഹ്നാസ് ജലാലാണ് ഛായാഗ്രഹണം. കലാസംവിധാനം പ്രശാന്ത് മാധവൻ. കോസ്റ്റ്യൂം ഡിസൈൻ സുജിത് സുധാകർ. മേക്കപ്പ് സജീവ് സജി. ആക്ഷൻ സ്റ്റണ്ട് സെൽവ. ആശിർവാദ് റിലീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home