Deshabhimani

പ്രവാസി പെൻഷൻ വിതരണത്തിന്‌ നടപടിയില്ല; പദ്ധതിയിൽ ചേർന്ന 10 ലക്ഷത്തോളം പേർ ആശങ്കയിൽ

pension money
വെബ് ഡെസ്ക്

Published on Oct 30, 2026, 08:08 PM | 2 min read

തിരുവനന്തപുരം: പ്രവാസി പെൻഷൻ വിതരണം നാലു മാസമായി മുടങ്ങിയതിനാൽ നിലവിൽ പദ്ധതിയിൽ ചേർന്ന 10 ലക്ഷത്തോളം പേർ ആശങ്കയിൽ. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റ ശേഷം പെൻഷൻ തുടർച്ചയായി മുടങ്ങുന്ന സാഹചര്യത്തിൽ, പെൻഷൻ പദ്ധതിയിൽ ചേർന്നവർ വിഹിതം അടയ്‌ക്കാൻ വിമുഖത കാണിക്കുകയാണ്‌. സർക്കാർ അനാസ്ഥ കാരണം പെൻഷൻ തീർത്തും മുടങ്ങുമോ എന്ന ആശങ്കയാണ്‌ കാരണം. പലരും ഇതുവരെ അടച്ച വിഹിതം തിരിച്ചു നൽകണമെന്ന്‌ ആവശ്യം ഉയത്തിയിരിക്കുകയാണ്‌.


നാലു മാസമായി മുടങ്ങിയതിനാൽ നിലവിൽ പെൻഷൻ ലഭിക്കുന്ന ഒരു ലക്ഷത്തോളം പേർപ്രയാസത്തിലാണ്‌. കേരള പ്രവാസി ക്ഷേമ ബോർഡ് വഴി വിതരണം ചെയ്യുന്ന ഇ‍ൗ തുക പ്രവാസകാലത്തിന്‌ ശേഷമുള്ള ജീവിതത്തിൽ അടിയന്തിര ആവശ്യങ്ങൾ നിർവഹിക്കാൻ സഹായമായിരുന്നു. മരുന്നു വാങ്ങാനും അത്യാവശ്യ ചെലവുകൾക്കുമാണ്‌ ഭൂരിപക്ഷവും ഇ‍ൗ തുക ചെലവിടുന്നത്‌.


കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പ്രവാസി പെൻഷൻ ഒരിക്കൽപോലും മുടങ്ങിയിരുന്നില്ല. 2026 ഏപ്രിൽ വരെയുള്ള പെൻഷൻ നൽകിയ ശേഷമാണ്‌ സർക്കാർ അധികാരമൊഴിഞ്ഞത്‌. യുഡിഎഫ്‌ സർക്കാർ വന്ന ശേഷം തുടക്കം തന്നെ പെൻഷൻ മുടങ്ങിയപ്പോൾ കേരള പ്രവാസി സംഘം അടക്കമുള്ള സംഘടനകൾ നടത്തിയ ഇടപെടലിനെ തുടർന്നാണ്‌ രണ്ടു തവണ അനുവദിച്ചത്‌. ജൂണിന്‌ ശേഷമുള്ള നാലു മാസം തുടർച്ചയായി മുടങ്ങി.


പ്രവാസികളെ നിരന്തരം പറഞ്ഞു പറ്റിക്കുന്ന സമീപനമാണ്‌ യുഡിഎഫ്‌ സർക്കാരിൽ നിന്നുണ്ടാകുന്നത്‌. ബജറ്റിൽ പെൻഷൻ വിഹിതം വർദ്ധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പെൻഷനുള്ള പുതിയ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്‌. ഒരാൾക്കു പോലും പുതുതായി പെൻഷൻ അനുവദിക്കാൻ ഇ‍ൗ സർക്കാർ തയ്യാറായിട്ടില്ല. ഒരു ലക്ഷത്തോളം പേർക്ക്‌ പെൻഷൻ ലഭിക്കാതാവുന്പോൾ അത്രയും കുടുംബങ്ങളാണ്‌ പ്രയാസത്തിലാകുന്നത്‌.


കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുനഃസംഘടനയിൽ തീരുമാനമാകാത്തത്‌ പ്രവാസികളുടെ ക്ഷേമനടപടികളടക്കം മുടക്കിയിരിക്കുകയാണ്‌. യുഡിഎഫിലെ തമ്മിലടി കാരണം ബോർഡ്‌ ചെയർമാനെയും അംഗങ്ങളെയും നിശ്‌ചയിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസും മുസ്ലിംലീഗും ഇ‍ൗ സ്ഥാനങ്ങൾക്കായി ഒരു പോലെ അവകാശവാദം ഉന്നയിക്കുന്നതാണ്‌ തർക്കം.


വിദേശത്തോ കേരളത്തിന് പുറത്തോ ജോലി ചെയ്യുന്നവർക്കും തിരികെ നാട്ടിലെത്തിയവർക്കുമായി രൂപീകരിച്ച ഏറെ പ്രയോജനകരമായ സാമൂഹിക സുരക്ഷാ പദ്ധതിയാണ് പ്രവാസി പെൻഷൻ. 60 വയസ്‌ പൂർത്തിയാകുമ്പോൾ ഗുണഭോക്താക്കൾക്ക് പ്രതിമാസ പെൻഷൻ ലഭിച്ചു തുടങ്ങും. ഇത്തരത്തിൽ ഏറെ ആശ്വാസമായ പദ്ധതിയാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ അവഗണനയിൽ പ്രതിസന്ധിയിലായത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home